ഹരിത ട്രൈബ്യൂണലിന്റെ തിരിച്ചടി: ഉരുക്കുമേൽപ്പാലം വൈകും
Monday, October 31, 2016 5:38 AM IST
ബംഗളൂരു: പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ ഉരുക്കു മേൽപ്പാലം പദ്ധതിയുമായി മുന്നോട്ടുപോയ സംസ്‌ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി ഹരിത ട്രൈബ്യൂണൽ വിധി. നവംബർ ഒന്നിനാണ് ബസവേശ്വര സർക്കിളിൽ നിന്ന് ഹെബ്ബാൾ വരെ ബന്ധിപ്പിക്കുന്ന ഉരുക്കുമേൽപ്പാലത്തിന്റെ നിർമാണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിർമാണം തടഞ്ഞുകൊണ്ട ് ട്രൈബ്യൂണൽ ഉത്തരവിട്ടതോടെ പദ്ധതി ഒരു മാസം കൂടി വൈകും.

ഉരുക്കുമേൽപ്പാലം പദ്ധതി പരിസ്‌ഥിതിക്ക് ദോഷം വരുത്തുമെന്നും തടയണമെന്നും കാട്ടി പദ്ധതിയെ എതിർക്കുന്നവരുടെ കൂട്ടായ്മയായ സിറ്റിസൺ ആക്ഷൻ ഫോറം ഹരിത ട്രൈബ്യൂണലിനു നല്കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് വിധി. പാരിസ്‌ഥിതികാഘാതത്തെ സംബന്ധിച്ച് പഠനം നടത്തുന്ന സമിതിയുടെ അനുമതിയില്ലാതെ മേൽപ്പാലം പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയെന്നു ചൂണ്ട ിക്കാട്ടിയാണ് നിർമാണപ്രവർത്തനങ്ങൾ ട്രൈബ്യൂണൽ തടഞ്ഞത്. ഇതോടെ, പരിസ്‌ഥിതി ആഘാത പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ മേൽപ്പാലം നിർമാണം ആരംഭിക്കാനാകൂ.

ഇതിനിടെ, പദ്ധതി തടഞ്ഞുകൊണ്ടുള്ള ഹരിതട്രൈബ്യൂണൽ ഉത്തരവിനെ വിവിധ സംഘടനകൾ ആഘോഷത്തോടെയാണ് സ്വാഗതം ചെയ്തത്. പ്രതിക്ഷ പാർട്ടികളുടെയും പരിസ്‌ഥിതി സംഘടനകളടക്കമുള്ളവരുടെയും എതിർപ്പു മറികടന്ന് പദ്ധതിക്ക് ബംഗളൂരു വികസന അതോറിറ്റി (ബിഡിഎ) അംഗീകാരം നല്കിയിരുന്നു. കരാർ ഏറ്റെടുത്ത മുംബൈയിലെ എൽ ആൻഡ് ടി കമ്പനിക്ക് ബിഡിഎ നിർമാണത്തിന് അനുമതി നല്കിക്കൊണ്ട ുള്ള നോട്ടീസ് നല്കിയതിനു പിന്നാലെയാണ് ട്രൈബ്യൂണൽ വിധിയെത്തിയത്.

ബംഗളുരു വിമാനത്താവളത്തിലേക്കുള്ള ദൂരം ചുരുക്കുന്നതിനായാണ് പാലം പണിയാൻ പദ്ധതിയിട്ടത്. ബസവേശ്വര സർക്കിളിൽ നിന്നാരംഭിക്കുന്ന മേൽപ്പാലം ഹൈഗ്രൗണ്ട ്സ്, വിൻസർ മനോർ, കാവേരി ജംഗ്ഷൻ, മേഖ്രി സർക്കിൾ, സഞ്ജയ് നഗർ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആറുവരിയിലുള്ള മേൽപ്പാലത്തിന്റെ ദൂരം 6.7 കിലോമീറ്ററാണ്. 1791 രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 55,000 ടൺ ഉരുക്ക് ഇതിനായി വേണ്ട ിവരും. പാലത്തിനായി 812 മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങൾക്കു കാരണമായത്. വെട്ടിമാറ്റുന്ന മരങ്ങൾക്കു പകരം ബിഡിഎ 60,000 മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.