‘വേദനിക്കുന്നവന്റെ കണ്ണീരൊപ്പാൻ നാം മുന്നിട്ടിറങ്ങണം’
Monday, October 31, 2016 7:10 AM IST
ജിദ്ദ: സ്പർശം പാലിയേറ്റീവിന് കീഴിൽ ആരംഭിച്ച ഹോംകെയർ, ആംബുലൻസ് സർവീസ്, മരുന്ന് വിതരണം എന്നിവയിലൊക്കെ സഹകരിക്കാനും സഹായിക്കാനും നാം തയാറാവണമെന്നും പ്രവാസികൾ ഇത്തരം കാര്യങ്ങളിൽ നൽകുന്ന ഉത്സാഹവും സൻമനസും കാണിക്കുന്നവരാണെന്നും മലപ്പുറം മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറിയും സ്പർശം പാലിയേറ്റീവ് പ്രസിഡന്റുമായ പി.എ. സലാം. പൂക്കോട്ടൂർ സ്പർശം പാലിയേറ്റീവ് ജിദ്ദ കമ്മിറ്റിയും പൂക്കോട്ടൂർ കെഎംസിസിയും സംയുക്‌തമായി നൽകിയ സ്വീകരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്പർശം ജിദ്ദ കമ്മിറ്റി പ്രസിഡന്റ് സി.ടി. ശിഹാബ് അധ്യക്ഷത വഹിച്ചു. പായത്ത് കെഎംസിസി പ്രസിഡന്റ് ഉമ്മർ പിലാക്കാടൻ ഉദ്ഘാടനം ചെയ്തു. മക്ക കെഎംസിസി നേതാവ് കുഞ്ഞാപ്പ പൂക്കോട്ടൂർ, മുസ്തഫ ജാത്ത്, പി.കെ. സൈനുദ്ദീൻ, എൻ. കുഞ്ഞമ്മദാജി അത്താണിക്കൽ, കെ. മുഹമ്മദ് കുട്ടി വെള്ളൂർ, മുഹമ്മദ് പള്ളിമുക്ക്, മുബഷിർ പള്ളിപ്പടി, റിയാസ് പിലാക്കൽ, ജാഫർ അത്താണിക്കൽ, യാസർ അറഫാത്ത് വള്ളുവമ്പ്രം എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ