എൻ.കെ. പ്രേമചന്ദ്രൻ എംപി പാരീസ് സന്ദർശിച്ചു
Monday, October 31, 2016 8:31 AM IST
പാരീസ് : കൊല്ലം പാർല്മെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംപി മാരുടെ സംഘം പാരീസ് സന്ദർശിച്ചു. ജനീവയിൽ നടന്ന കാലാവസ്‌ഥാ വ്യതിയാനം സംബന്ധിച്ച യുഎൻ ചർച്ചയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംപിമാർ. പരിപാടികൾക്കുശേഷം ഒരു ദിവസത്തെ സന്ദർശനത്തിനായി പാരീസിലുമെത്തി.

ഇവിടെയെത്തിയ എംപിമാരെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബ്രിസ്റ്റോൾ ഹോട്ടലിൽ നടന്ന സ്വീകരണത്തിനുശേഷം സംഘം പാരീസ് നഗരം ചുറ്റിക്കണ്ടു. പാരീസിലെ പ്രശസ്തമായ ഈഫൽ ടവർ, ആർക് ദേ ട്രയംഫ്, നോട്ടർ ഡാം കത്തീഡ്രൽ, ചാംപ്സ് എലീസേ സ്ട്രീറ്റ് തുടങ്ങിയവ സന്ദർശിച്ചു. പാരീസ് നഗരത്തിന്റെ ചരിത്രങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞ സംഘം രാത്രി ഡൽഹിക്കു മടങ്ങി.

താൻ ആദ്യമായാണ് യൂറോപ്പ് സന്ദർശിക്കുന്നതെന്നും പാരീസിന്റെ മനോഹാരിതയും ഇവിടുത്തെ കെട്ടിട നിർമാണ ശൈലിയും തന്നെ ആകർഷിച്ചതായും പ്രേമചന്ദ്രൻ എംപി പറഞ്ഞു. ആളുകളുടെ ആതിഥ്യ മര്യാദയും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ എംബസിയിലെ ഹെഡ് ഓഫ് ചാൻസലറി, പ്രോട്ടോകോൾ ഉദ്യോഗസ്‌ഥനായ ജോസ് സിറിയക്, പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പിആർഒ കെ.കെ.അനസ് തുടങ്ങിയവരും സ്വീകരണചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ