കേരളപ്പിറവി 2016 ഡാളസിൽ നവംബർ ആറിന് ആഘോഷിക്കുന്നു
Tuesday, November 1, 2016 2:13 AM IST
ഡാളസ്: കേരളത്തിന്റെ അറുപതാം ജൻമദിനം നവംബർ ആറിനു ഡാളസിൽ ആഘോഷിക്കുന്നു. കേരള ലിറ്റററി സൊസെറ്റി ഡാളസ് മലയാളികൾക്കായി ഒരുക്കുന്ന പൊതുവേദി പത്താം വർഷവും സെന്റ് മേരീസ് വലിയ പള്ളി ഓഡിറ്റോറിയത്തിൽ (14133 ഡെന്നിസ് ലൈൻ, ഫാർമേഴ്സ് ബ്രാഞ്ച് 75234) അരങ്ങേറും. ഡാളസിലെ മലയാള സംസ്കാരിക സംഘടനകളുടെ നേതാക്കന്മാർ പങ്കെടുക്കുന്ന ഏക വേദിയാണിത്. നവംമ്പർ ആറിനു വൈകിട്ട് ആറിനു ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം തെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഡോ. എം.വി. പിള്ള ഉദ്ഘാടനം നിർവഹിക്കും. ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലിൽ, കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

തുടർന്നു കേരളത്തിന്റെ തനതായ കലാരൂപങ്ങളിലൂടെയുള്ള കലാവിരുന്ന്, മലയാളി മങ്ക പ്രഖ്യാപനം, കവിത, സംഗീതസന്ധ്യ, വിഭവസമ്യദ്ധമായ ഡിന്നർ എന്നിവ ഉണ്ടായിരിക്കും. കേരള ലിറ്റററി സൊസൈറ്റി ഡാളസിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിടുന്ന ഈവർഷം സംഘടനയുടെ രജതജൂബിലി വർഷമെന്ന പ്രത്യേകതയും ഈ ആഘോഷങ്ങൾക്കുണ്ട്.