ഇവർ കവൻട്രിയിലേക്ക്
Tuesday, November 1, 2016 7:45 AM IST
ലണ്ടൻ: നിരവധി പ്രഗല്ഭരായ വിധി കർത്താക്കൾ ഒരേ സമയം വേദിയിൽ വിധി നിർണയിക്കുമ്പോൾ അത് കൃത്യമായി കോർത്തിണക്കികൊണ്ട് കലർപ്പില്ലാതെ അർഹതക്കുള്ള അംഗീകാരമായി അത് മാറുന്ന അദ്ഭുത കാഴ്ചയാണ് യുക്മ കലാമേളയുടെ ചരിത്രം. യുക്മയുടെ വിവിധ റീജണുകളിൽ വാശിയേറിയ മത്സരങ്ങളിൽ വിജയിച്ചു വരുന്ന പ്രതിഭകൾ മാറ്റുരക്കുന്ന വാശിയേറിയ മത്സരമാണ് അരങ്ങേറാൻ പോകുന്നത്.

വിജയം കൊയ്യാൻ മിഡ്ലാൻഡ്സ്

മൂന്നു വേദികളിലായി അരങ്ങേറിയ മിഡ്ലാൻഡ്സ് കലാമേളയിൽ എസ്എംഎ സ്റ്റോക്ക് ഓൺ ട്രെൻഡ് 106 പോയിന്റ് നേടി ചാമ്പ്യൻ പട്ടം കരസ്‌ഥമാക്കി. BCMC ബർമിംഗ്ഹാം രണ്ടാം സ്‌ഥാനത്തും ലെസ്റ്റർ കേരള കമ്യൂണിറ്റി മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. എസ്എംഎ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള സെറിൻ റൈനുവും കെസിഎ റെഡിച്ചിൽ നിന്നുള്ള ലിന്റു ടോമും കലാതിലകപ്പട്ടം പങ്കിട്ടു. കവന്റ്രി കേരള കമ്യൂണിറ്റിയുടെ ഏബ്രഹാം കുര്യനാണ് കലാപ്രതിഭ. കിഡ്സ് വിഭാഗത്തിൽ സെറിൻ റെയ്നുവും സബ് ജൂണിയർ വിഭാഗത്തിൽ ജോവാൻ റോസ് തോമസും ജൂണിയർ വിഭാഗത്തിൽ ലിന്റു ടോമും സീനിയർ വിഭാഗത്തിൽ ഏബ്രഹാം ജോർജും വ്യക്‌തിഗത ചാമ്പ്യൻമാരായി.



അരയും തലയും മുറുക്കി ഈസ്റ്റ് ആംഗ്ലിയ

പ്രശസ്ത സിനിമ നടി ശോഭന തിരി തെളിച്ച് ഉദ്ഘാടനം ചെയ്ത കലാമേള അസോസിയേഷനുകളൂടെ പങ്കാളിത്തം കൊണ്ടും കലാമത്സരങ്ങളുടെ മേന്മകൊണ്ടും മികച്ചു നിന്നു. ബാസിൽഡൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിച്ച കലാമേളയിൽ 121 പോയിന്റോടെ നോർവിച്ച് മലയാളി അസോസിയേഷൻ ബ്രിട്ടീഷ് പത്രം ചാമ്പ്യൻസ് ട്രോഫി കരസ്‌ഥമാക്കി. കലാമേളയുടെ അവസാനം വരെ നോർവിച്ചുമായി ഇഞ്ചോടിഞ്ച് പോരാടി ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ 107 പോയിന്റോടെ പി.വി. മത്തായി പുതുവേലിൽ സ്പോൺസർ ചെയ്ത റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കി. പുതിയതായി അംഗത്വമെടുത്ത ഏലിസ്ബറി മലയാളി അസോസിയേഷൻ മൂന്നാം സ്‌ഥാനവും ലൂട്ടൻ മലയാളി അസോസിയേഷൻ നാലാം സ്‌ഥാനവും കരസ്‌ഥമാക്കി. കോൾചെസ്റ്റർ മലയാളി കമ്യൂണിറ്റിയിൽനിന്നും അർച്ചന ഷഹ സജീൻ കലാതിലകവും ഇപ്സ്വിച്ച് മലയാളി അസോസിയേഷനിൽനിന്നും ഷോൺ ഷിബി കലാ പ്രതിഭ പുരസ്കാരവും കരസ്‌ഥമാക്കി. കിഡ്സ് വിഭാഗത്തിൽ ഇപ്സ്വിച്ച് മലയാളി അസോസിയേഷനിലെ ജിയ ജനീഷും സബ് ജൂണിയർ വിഭാഗത്തിൽ കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലെ ടെസ സൂസനും ജൂണിയർ വിഭാഗത്തിൽ ലൂട്ടൻ മലയാളി അസോസിയേഷനിലെ ആനി അലോഷ്യസും സീനിയർ വിഭാഗത്തിൽ കോൾചെസ്റ്റർ മലയാളി കമ്യൂണിറ്റിയിലെ അർച്ചന സജീനും വ്യക്‌തിഗത ചാമ്പ്യന്മാരായി.



അര കൈ നോക്കാൻ സൗത്ത് വെസ്റ്റ് തയാർ

ബോൺമൗത്തിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജണൽ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻഷിപ് ട്രോഫി കരസ്‌ഥമാക്കിയതു വഴി ഒരു പുതിയ ചരിത്രം തന്നെയാണ് ജിഎംഎ എഴുതി ചേർത്തത്. ഇതോടെ തുടർച്ചയായ മൂന്നാം തവണയാണ് ജിഎംഎ എവർറോളിംഗ് ട്രോഫി സ്വന്തമാക്കുന്നത്. ബെനീറ്റ ബിനുമോൻ ആണ് കലാതിലകം. ദിയ ബൈജു, സംഗീത ജോഷി, ബെനീറ്റ ബിനുമോൻ എന്നിവർ കൂടുതൽ പോയിന്റുകൾ നേടി യുക്മ സൗത്ത് വെസ്റ്റ് കലാമേള 2016 ലെ വ്യക്‌തിഗത ചാമ്പ്യന്മാരായി.

വാശിയോടെ സൗത്ത് ഈസ്റ്റ്

കേരള കലയുടെ കേളീരംഗമായി മാറിയ യുക്മ സൗത്ത് ഈസ്റ്റ് കലാമേളയിൽ ആതിഥേയരായ ഡോർസെറ്റ് കേരള കമ്യൂണിറ്റി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. വോക്കിംഗ് മലയാളി അസോസിയേഷൻ രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ വോക്കിംഗ് മലയാളി അസോസിയേഷനിലെ ആൻ തെരേസ വർഗീസ് കലാതിലകവും ഡോർസെറ്റ് കേരള കമ്യൂണിറ്റിയിലെ ആൽവിൻ ഷാജി തുടർച്ചയായ രണ്ടാം തവണയും കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. കിഡ്സ് വിഭാഗത്തിൽ ഡികെസിയിലെ ഷാരൺ സെബാസ്റ്റ്യൻ വ്യക്‌തിഗത ചാമ്പ്യനായപ്പോൾ സബ്ജൂണിയർ വിഭാഗത്തിൽ ക്രിസ്റ്റീന ജയിംസും (DKC) ജൂണിയർ വിഭാഗത്തിൽ വോക്കിംഗിലെ ആൻ തെരേസ വർഗീസ് ചാമ്പ്യനായപ്പോൾ സീനിയർ വിഭാഗത്തിൽ ഡികെസിയിലെ മിനി തോമസും ഫേബാ ഷാജിയും തുല്യ പോയിന്റുകൾ നേടി പങ്കിട്ടു. തുടർച്ചയായ മൂന്നാം തവണയും കൂടുതൽ മത്സരാർഥികെളെ പങ്കെടുപ്പിക്കുന്നതിലുള്ള ട്രോഫി ഡികെസി സ്വന്തമാക്കി. എഴുപത്തി അഞ്ചു മത്സരാർഥികളാണ് ഡികെസിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്



പോരാട്ട വീര്യം ചോരാതെ യോർക്ഷെയർ ഹംബർ

ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ ഷെഫീൽഡ് കേരള കൾചറൽ അസോസിയേഷൻ (ടഗഇഅ) 126 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാർക്കുള്ള ജോർജ് കണ്ണംകുളം മെമ്മൊറിയൽ ട്രോഫി സ്വന്തമാക്കി.

105 പോയിന്റ് നേടിയ കീത്ത് ലി മലയാളി അസോസിയേഷൻ (ഗങഅ) ങൃെ *ങൃ ജോർജ് വാരാമണ്ണിൽ മെമ്മൊറിയൽ ട്രോഫിയും 86 പോയിന്റോടെ ഈസ്റ്റ് യോർക്ക് ഷയർ കൾചറൽ ഓർഗനൈസേഷൻ ഹൾ, 80 പോയിന്റോടെ വേക് ഫീൽഡ് മലയാളി അസോസിയേഷൻ എന്നിവർ യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. ജിഷ്ന മേരി വർഗീസ് (SKCA) കലാതിലകപട്ടം സ്വന്തമാക്കിയപ്പോൾ ഷെറിൻ ജോസ് (SKCA) കലാപ്രതിഭ പട്ടവും സ്വന്തമാക്കി.

ജിഷ്നയും ഷെറിനും തുടർച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം കരസ്‌ഥമാക്കുന്നത്. വ്യക്‌തിഗത ചാമ്പ്യന്മാരായി കിഡ്സ് വിഭാഗം ഇവ കുര്യാക്കോസ് (ഈസ്റ്റ് യോർക്ക് ഷയർ കൾചറൽ ഓർഗനൈസേഷൻ ഹൾ), സബ് ജൂണിയർ വിഭാഗം മെലനി ബിജു (ഷെഫീൽഡ് കേരള കൾചറൽ അസോസിയേഷൻ), ജൂണിയർ വിഭാഗം ദിവ്യാ സെബാസ്റ്റ്യൻ (കീത് ലീ മലയാളി അസോസിയേഷൻ), സീനിയർ വിഭാഗം സാൻ ജോർജ് തോമസ് (ഈസ്റ്റ് യോർക്ക് ഷയർ കൾചറൽ ഓർഗനൈസേഷൻ ഹൾ) എന്നിവരാണ്.

കഴിവ് തെളിയിക്കുവാൻ നോർത്ത് വെസ്റ്റ്

യുക്മ നോർത്ത് വെസ്റ്റ് കലാമേളയിൽ കലാമേള കിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷനും റണ്ണേഴ്സ്അപ്പ് കിരീടം ബോൾട്ടൻ മലയാളി അസോസിയേഷനും മൂന്നാം സ്‌ഥാനം വാറിംഗ്ട്ടൻ മലയാളി അസോസിയേഷനും കരസ്‌ഥമാക്കി. കലാപ്രതിഭയായി ലിവർപൂൾ മലയാളി അസോസിയേഷനിലെ അലിക് മാത്യുവും കലാതിലകമായി ബോൾട്ടൻ മലയാളി അസോസിയേഷനിലെ ഡിയ ടോമിയും തെരഞ്ഞെടുക്കപ്പെട്ടു. കിഡ്സ് വിഭാഗത്തിൽ വ്യക്‌തിഗത ചാമ്പ്യനായി ബോൾട്ടൻ മലയാളി അസോസിയേഷനിൽ നിന്നുള്ള ആൻ ടോമിയും സബ് ജൂണിയർ വിഭാഗത്തിൽ വ്യക്‌തിഗത ചാമ്പ്യനായി. ലിവർപൂൾ മലയാളി അസോസിയേഷനിൽ നിന്നുള്ള അലിക് മാത്യുവും ജൂണിയർ വിഭാഗത്തിൽ ബോൾട്ടൻ മലയാളി അസോസിയേഷനിൽ നിന്നുള്ള ഡിയ ടോമിയും സീനിയർ വിഭാഗത്തിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിൽ നിന്നുള്ള ജിക്സി സഞ്ജീവും തെരഞ്ഞെടുക്കപ്പെട്ടു.