ഹൂസ്റ്റണിൽ പരുമല തിരുമേനിയുടെ ഓർമ പെരുന്നാളും വിശുദ്ധ പ്രഖ്യാപനത്തിന്റെ വാർഷികവും
Tuesday, November 1, 2016 7:48 AM IST
ഹൂസ്റ്റൺ: സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ മുപ്പതാമത് പെരുന്നാളും പരുമല തിരുമേനിയുടെ 114–ാമത് ഓർമ പെരുന്നാളിനും വിശുദ്ധ പ്രഖ്യാപനത്തിന്റെ 70–ാം വർഷികത്തിനും ഒക്ടോബർ 30ന് വിശുദ്ധ കുർബാനക്കുശേഷം നടന്ന കൊടിയേറ്റോടുകൂടി ആരംഭിച്ചു.

നവംബർ ആറിന് നടക്കുന്ന വിശുദ്ധ കുർബാനക്ക് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രീയേൽ മാർ ഗ്രീഗോറിയോസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന റാസക്കും ശ്ലൈഹിക വാഴ്വിനും ശേഷം കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിക്കും.

നവംബർ നാല്, അഞ്ച് തീയതികളിൽ സന്ധ്യാനമസ്കാരത്തോടനുബന്ധിച്ചു നടക്കുന്ന വചന ശുശ്രൂഷകളിലും അഞ്ചിന് വൈകുന്നേരം സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന റാസയിലും പെരുന്നാൾ ശുശ്രൂഷകളിലും ഭക്‌ത്യാദരവുകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക സെക്രട്ടറി കുര്യൻ മാരൂകോയിക്കൽ അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി