ഡബ്ല്യുഎംസി സ്വിസ് പ്രൊവിൻസ് ബിസിനസ് അവാർഡുകൾ പ്രഖ്യാപിച്ചു
Tuesday, November 1, 2016 10:10 AM IST
സൂറിച്ച്: വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ഈ വർഷത്തെ ബിസിനസ് അവാർഡുകൾ പ്രഖ്യാപിച്ചു.

ബംഗളൂരു വീനസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ പ്രവീൺ ജോർജ്, ദുബായ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അൽ സഫീന ട്രാവൽ ആൻഡ് ടൂറിസം മാനേജിംഗ് ഡയറക്ടർ ജോളി ആന്റണി താണിയേക്കൽ, കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് മാനേജിംഗ് ഡയറക്ടർ ഏബ്രഹാം ചാക്കോ കുന്നത്ത്, അങ്കമാലി സുരഭി ഗാർഡൻസ് മാനേജിംഗ് ഡയറക്ടർ ഷിബു അഗസ്റ്റിൻ എന്നിവരെയാണ് ഈ വർഷത്തെ എക്സലൻസ് അവാർഡിനായി തെരഞ്ഞെടുത്തത്.

പ്രത്യാശ ഫൗണ്ടേഷൻ ചെയർമാൻ സൈമൺ ജോർജിന് വികലാംഗർക്കായി അദ്ദേഹം നൽകി വരുന്ന സേവനങ്ങളെ മാനിച്ചും തോമസ് മൂക്കനാംപറമ്പിലിന് സ്വിസ് മലയാളി സമൂഹത്തിൽ കലാ സാംസ്കാരിക മേഖലയിൽ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകി ആദരിക്കാനും ഡബ്ല്യുഎംസി കൗൺസിൽ തീരുമാനിച്ചു.

നവംബർ അഞ്ചിന് കേരളത്തിന്റെ അറുപതാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന കേരളോത്സംവ 2016 ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. പ്രശസ്ത സിനിമാതാരം ആശാ ശരത്, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, നടൻ മുന്ന, സൂറിച്ചിലെ നിയമസഭാംഗം നിക് ഗൂഗർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

അവാർഡ് പ്രഖ്യാപന ചടങ്ങിന് ചെയർമാൻ ജിമ്മി കൊരിട്ടിക്കാട്ടുതറയിൽ, പ്രസിഡന്റ് ജോസ് വള്ളാടിയിൽ, സെക്രട്ടറി ബാബു വേതാനി, ട്രഷറർ ബോസ് മണിയമ്പാറയിൽ, അവാർഡ് കമ്മിറ്റി കോഓർഡിനേറ്റേഴ്സുമാരായ ജോയ് കൊച്ചാട്ട്, ടോമി തൊണ്ടാംകുഴി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ