30 കോടി കുട്ടികൾ വായു മലിനീകരണം നേരിടുന്നു
Tuesday, November 1, 2016 10:10 AM IST
ജനീവ: ലോകത്തെ 30 കോടി കുട്ടികളും വായു മലിനീകരണം നേരിടുന്നുവെന്ന് പഠന റിപ്പോർട്ട്. ലോകാരോഗ്യ സംഘടന വായു മലിനീകരണത്തിന് നിശ്ചയിച്ച മാനദണ്ഡങ്ങളേക്കാളും ആറു മടങ്ങ് അധികം മലിനീകരിക്കപ്പെട്ട ഇടങ്ങളിലാണ് ഭൂമിയിലെ 90 ശതമാനം കുട്ടികളും കഴിയുന്നതെന്ന് യൂനിസെഫിന്റെ പഠനം വ്യക്‌തമാക്കുന്നു.

വായു മലിനീകരണത്തിന്റെ സാറ്റലൈറ്റ് വിവരങ്ങളെ അപഗ്രഥിച്ചാണ് യൂനിസെഫ് പഠനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ, വായു മലിനീകരണത്തിന്റെ തോത് എട്ടു ശതമാനം വർധിച്ചു. മലിനീകരണം കാരണം പ്രതിവർഷം 30 ലക്ഷം പേർ മരിക്കുന്നുണ്ട് ഒരു മിനിറ്റിൽ ആറുപേർ എന്ന നിലയിൽ.

2050ഓടെ ഇത് ഇരട്ടിയാകുമെന്നും യൂനിസെഫ് മുന്നറിയിപ്പ് നൽകുന്നു. വായു മലിനീകരണം മൂലം പ്രതിവർഷം ആറു ലക്ഷം കുട്ടികൾ മരിക്കുന്നു. മലേറിയ, എയ്ഡ്സ് മരണങ്ങളേക്കാൾ കൂടുതൽ വരുമിത്. മലിനീകരണം കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കുന്നെന്നും പഠനത്തിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ