മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി
Tuesday, November 1, 2016 10:12 AM IST
വത്തിക്കാൻസിറ്റി: സീറോ മലബാർ സഭയുടെ മെത്രാൻ പദവിയോടെ യൂറോപ്പിന്റെ വിസിറ്റേറ്ററായി മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി. ചൊവ്വാഴ്ച രാവിലെ പത്തിന് വത്തിക്കാനിലെ സെന്റ് പോൾസ് പേപ്പൽ ബസിലിക്കയിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.

പ്രാർഥനാമുഖരിതമായി സ്തുതിഗീതങ്ങളാൽ നിറഞ്ഞു നിന്ന തിരുക്കർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി ഒട്ടനവധി സീറോ സഭാ മക്കൾ സെന്റ് പോൾസ് ബസലിക്കയിൽ എത്തിയിരുന്നു. യ്രൂറോപ്പിന്റെ ചരിത്രത്തിലും സീറോ മലബാർ സഭയുടെ ചരിത്രത്തിലും ഇതാദ്യമായാണ് ഒരു മെത്രാനെ യൂറോപ്പിനു വേണ്ടി വാഴിക്കുന്നത്.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പുവഴിയാണ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ബിഷപ്പായി അഭിഷിക്തനാക്കപ്പെട്ടത്. കർമങ്ങൾക്കു പൗരസ്ത്യ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരായി. സീറോ മലബാർ സഭയുടെ പൊന്തിഫിക്കൽ ക്രമമനുസരിച്ചുള്ള ജപമാലയും പ്രദക്ഷിണവും ചടങ്ങിനെ ഏറെ മോടിപിടിപ്പിച്ചു. നാലുമണിക്കൂർ നീണ്ടുനിന്ന ചടങ്ങുകൾ നേർകാഴ്ചയാക്കി വിശ്വാസം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കാൻ ഏതാണ്ട് മൂവായിരത്തോളം പേർ രാവിലെ തന്നെ ബസലിക്കയിൽ സ്‌ഥാനം പിടിച്ചിരുന്നു.

സെന്റ് പോൾ മേജർ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി സ്വാഗതം ആശംസിച്ചു. പൗരസ്ത്യ തിരുസംഘത്തിൽ സീറോ മലബാർ സഭാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോൺ. മക്ലിൻ കമ്മിംഗ്സ് നിയമനപത്രിക വായിച്ചു. മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്തായിരുന്നു കർമങ്ങളുടെ ആർച്ച്ഡീക്കൻ. റോമിൽ നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും ഉൾപ്പെടുന്ന ഗായകസംഘമാണ് തിരുക്കർമങ്ങളിൽ ഗാനശുശ്രൂഷ നടത്തിയത്. പ്രാർഥനകൾ മലയാളത്തിലും ഇറ്റാലിയൻ ഭാഷയിലും കാറോസൂസാ പ്രാർഥനകൾ യൂറോപ്പിലെ വിവിധ ഭാഷകളിലുമാണ് ചൊല്ലിയത്.

യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മാർ സ്റ്റീഫൻ ചിറപ്പണത്തിനെ ഉയർത്തുന്ന സ്‌ഥാനാരോഹണ ചടങ്ങിന് പൗരസ്ത്യതിരുസംഘം തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലബാർ പ്രവാസികൾക്കു വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി എന്നിവർ സഹകാർമികരായി.

മെത്രാൻ സ്‌ഥാനാരോഹണത്തിനു ശേഷം പുതിയ മെത്രാന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നടന്നു. തുടർന്ന് സീറോ മലങ്കര സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആശംസകൾ നേർന്നു. ആർച്ച് ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, മാർ മാത്യു മൂലക്കാട്ട്, വത്തിക്കാനിലെ പ്രവാസി കാര്യാലയത്തിന്റെ സെക്രട്ടറിയും നിയുക്ത വരാപ്പുഴ ആർച്ച്ബിഷപ്പുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ ആന്റണി ചിറയത്ത്, മാർ പോൾ ആലപ്പാട്ട്, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ് മഠത്തിക്കണ്ട ത്തിൽ, യുകെയിൽ നിന്ന് മാർ ജോസഫ് സ്രാമ്പിക്കൽ, ഷിക്കാഗോ രൂപത സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, എത്യോപ്യയുടെ അപ്പസ്തോലിക വികാരിയും ബിഷപ്പുമായ ഡോ. വർഗീസ് തോട്ടങ്കര തുടങ്ങിയ സഭാമേലധ്യക്ഷന്മാരെ കൂടാതെ റോമിലെ ഇന്ത്യൻ അംബാസഡറിന്റെ പ്രതിനിധിയും ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, അയർലൻഡ്, ഡെന്മാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ കോഓർഡിനേറ്റർമാരും ചടങ്ങുകളിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ