ഇന്ത്യൻ മീഡിയ അബുദാബി കേരളപിറവി ആഘോഷിച്ചു
Wednesday, November 2, 2016 9:12 AM IST
അബുദാബി: തലസ്‌ഥാന നഗരിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി കേരള സോഷ്യൽ സെന്ററിന്റെ സഹകരണത്തോടെ കൈരളിക്ക് ദീപാർച്ചന എന്ന പേരിൽ കേരളപിറവി ആഘോഷിച്ചു.

മലയാള മണ്ണിനോടുള്ള സ്നേഹവും ഗൃഹാതുരതയും നിറഞ്ഞ ചടങ്ങിൽ വിവിധ പ്രവാസി സംഘടനാ ഭാരവാഹികളും ആധ്യാത്മിക സാസ്കാരിക വ്യവസായ കലാ രംഗങ്ങളിലെ പ്രമുഖരും ചേർന്ന് കേരളപിറവി ആഘോഷങ്ങൾക്ക് കമനീയത പകർന്ന് 60 മൺ ചെരാതുകളിൽ ദീപം തെളിച്ചു.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ സി. ഇടിക്കുള, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല, കെഎസ്സി പ്രസിഡന്റ് പി. പദ്മനാഭൻ സെക്രട്ടറി മനോജ് കൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് തോമസ് വർഗീസ്, സമാജം പ്രസിഡന്റ് യേശുശീലൻ, ഇസ്ലാമിക് സെന്റർ എഡ്യൂക്കേഷൻ സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ശക്‌തി പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, ലുലു ഗ്രൂപ്പ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ, യുഎഇ എക്സ്ചേഞ്ച് മീഡിയ വിഭാഗം അസോസിയേറ്റ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ, യൂണിവേഴ്സൽ ഹോസ്പിറ്റൽ മീഡിയ മാനേജർ ദീപു എൽ. നായർ എന്നിവരടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ സംബന്ധിച്ചു.

കെഎസ്സി ബാലവേദി പ്രവർത്തകരുടെ ഗാനാവതരണവും തെരുവുനാടകവും പായസവിതരണവും ആഘോഷത്തിന്റെ ഭാഗമായിരുന്നു.