മാധ്യമ ശ്രീ പുരസ്കാരം: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആശംസകൾ
Wednesday, November 2, 2016 9:12 AM IST
ഹൂസ്റ്റൺ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ‘മാധ്യമ ശ്രീ’പുരസ്കാരദാന സമ്മേളനത്തിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് ഏബ്രഹാം കെ. ഈപ്പൻ അഭിവാദ്യങ്ങളും ആശംസകളും നേർന്നു. അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തനം ശൈശവ അവസ്‌ഥയിലാണിപ്പോഴും. മതിയായ നിലവാരം പുലർത്താതെയുള്ള പ്രസിദ്ധീകരണങ്ങൾ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട്. ഫേസ്ബുക്കിൽ എഴുതുന്നവർ വരെ വലിയ മാധ്യമ പ്രവർത്തകരെന്ന് നടിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ശക്‌തമായ സാന്നിധ്യമുറപ്പിച്ച് പ്രതീക്ഷാ നിർഭരമായി വളരുന്നു. പ്രഫഷണലായ മാധ്യമ പ്രവർത്തകരുടെ വൻ നിരയുള്ള ഈ സംഘടന ഉദാത്തമായ മാധ്യമ സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു – എബ്രഹാം ഈപ്പൻ അഭിപ്രായപ്പെട്ടു.

വീണ ജോർജിനെ പോലെ പ്രശസ്തയും ജനകീയ ഇടപെടൽ നിരന്തരം നടത്തുന്നതുമായ ഒരു വ്യക്‌തിയെ ഈ അവാർഡിന് തിരഞ്ഞെടുത്തത് തീർത്തും ഉചിതമാണ്. നിഷ്പക്ഷവും മാന്യവുമായ മാധ്യമശീലങ്ങൾ പ്രചരിപ്പിക്കാൻ പ്രതിജ്‌ഞാബദ്ധമായ ഇന്ത്യ പ്രസ് ക്ലബിനും ഈ മാധ്യമ ശ്രീ അവാർഡ് വിതരണ സമ്മേളനത്തിനും അവാർഡ് നേടിയ വീണ ജോർജ് എംഎൽഎയ്ക്കും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി ഏബ്രഹാം ഈപ്പൻ പറഞ്ഞു.

ഹൂസ്റ്റണിലെ ഏക മലയാളി സംഘടനയും ഏറ്റവും വലിയ മലയാളി കൂട്ടായ്മയുമായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 1500 കുടുംബങ്ങളും മൂവായിരത്തിലേറെ അംഗങ്ങളുമുണ്ട്. എബ്രഹാം കെ. ഈപ്പന്റെ നേതൃത്വത്തിൽ അനിൽ ജനാർദ്ദനൻ (സെക്രട്ടറി), തോമസ് ചെറുകര (വൈസ് പ്രസിഡന്റ്), ജിനു തോമസ് (ട്രഷറർ), സുനിൽ മേനോൻ (ജോയിന്റ് സെക്രട്ടറി), തോമസ് സക്കറിയ (ജോയിന്റ് ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

റിപ്പോർട്ട്: ജോർജ് എം. കാക്കനാട്ട്