ഡബ്ല്യുഎംസി ‘നൃത്താഞ്ജലി ആൻഡ് കലോത്സവം’ നാല്, അഞ്ച് തീയതികളിൽ
Wednesday, November 2, 2016 9:13 AM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അയർലൻഡ് പ്രൊവിൻസ് നവംബർ നാല്, അഞ്ച് (വെള്ളി, ശനി) തീയതികളിലായി ഒരുക്കുന്ന ഏഴാമത് ‘നൃത്താഞ്ജലി ആൻഡ് കലോത്സവം’ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി സംഘാടകർ അറിയിച്ചു.

ഗ്രിഫിത്ത് അവന്യുവിലുള്ള `Scoil Mhuire National Boys School’ വേദിയിലാണ് മത്സരങ്ങൾ. വെള്ളി രാവിലെ 9.30 ന് സീനിയർ വിഭാഗം ഭരതനാട്യത്തോടെ നൃത്ത മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളും ഉച്ചകഴിഞ്ഞ് ജനപ്രിയ ഇനമായ സിനിമാറ്റിക് നൃത്തത്തിന്റെ മത്സരങ്ങളും ഉണ്ടാവും. വൈകുന്നേരം നാലിന് ഡബ്ലിൻ മേയർ കലോത്സവം ഉദ്ഘാടനം ചെയ്യും.

ശനി രാവിലെ 9.30 മുതൽ കലോത്സവ മത്സര ഇനങ്ങൾ ആരംഭിക്കും. കലാഭവൻ മണിയുടെ ഓർമയിൽ നാടൻ പാട്ട് മത്സരവും ശ്രേഷ്‌ട ഭാഷ മലയാളത്തിലുള്ള അക്ഷരമെഴുത്തും കത്തെഴുത്തും ഈ വർഷത്തെ പ്രത്യേക ഇനങ്ങളാണ്.

രണ്ടു ദിവസവും രാവിലെ ഒമ്പതു മുതൽ മത്സരാർഥികൾക്കുള്ള ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്യും. മത്സരാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതിനാൽ എല്ലാ ഇനങ്ങളിലും ആവേശകരമായ മത്സരങ്ങളാവും അരങ്ങേറുക.

മത്സരങ്ങളുടെ വിശദമായ സമയക്രമം http://www.nrithanjali.com/misc/time_schedule.php എന്ന നൃത്താഞ്ജലി വെബ്സൈറ്റിൽ ലഭ്യമാണ്.

വിവിധ മേഖലകളിൽ പ്രശസ്തരായ യുകെയിലെയും അയർലൻഡിലെയും കലാകാരന്മാരുടെ പാനലാണ് വിധി നിർണയം നടത്തുക. സിൽവർ കിച്ചൻ ഒരുക്കുന്ന ഇന്ത്യൻ വിഭവങ്ങളുടെ ഫുഡ്സ്റ്റാളും മത്സര വേദിയുടെ സമീപം പ്രവർത്തിക്കും. പ്രവേശനം സൗജന്യമാണ്.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ