ഡിഎംഎ അധ്യാപകരെ ആദരിച്ചു
Wednesday, November 2, 2016 9:59 AM IST
ന്യൂഡൽഹ: കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി മലയാളി അസോസിയേഷൻ നവംബർ ഒന്നിന് മലയാള ഭാഷാ ദിനമായി ആചരിച്ചു. ആർകെ പുരം സെക്ടർ4 ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ വൈകുന്നേരം നടന്ന ആഘോഷ പരിപാടികളിൽ മലയാള ഭാഷ പഠന കേന്ദ്രങ്ങളിലെ അധ്യാപകരെ ആദരിച്ചു.

ഡിഎംഎയുടെ ശാഖകളായ ബദർപുർ, കരോൾ ബാഗ് കണാട്ട് പ്ലേസ്, വസുന്ധരാ എൻക്ലേവ്, വിനയ് നഗർ കിദ്വായ് നഗർ, ലാജ്പത് നഗർ, ആർകെപുരം, മെഹ്റോളി, വികാസ് പുരി ഹസ്തസാൽ, ദിൽഷാദ് കോളനി, മോത്തി നഗർ, രമേശ് നഗർ, മയൂർ വിഹാർ ഫേസ്2, പശ്ചിമ വിഹാർ, രജൗരി ഗാർഡൻ, അംബേദ്കർ നഗർ പുഷ്പ് വിഹാർ, മഹിപാൽപൂർ, ജസോല വിഹാർ, സൗത്ത് നികേതൻ എന്നിവിടങ്ങളിലെ മലയാള ഭാഷ പഠന കേന്ദ്രങ്ങളിലെ അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്.

മലയാള ഭാഷ പഠന കേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കവിത ആലാപനം (ആർകെപുരം ഏരിയ), സംഘ ഗാനം, നാടൻ പാട്ട് (വികാസ് പുരി ഹസ്തസാൽ ഏരിയ), മുരുഗൻ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയുടെ ദൃശ്യാവിഷ്കാരം (മയൂർ വിഹാർ ഫേസ്2 ഏരിയ) കവിത ആലാപനം (ലാജ്പത് നഗർ ഏരിയ), ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സ്കിറ്റ് (കരോൾ ബാഗ് കണാട്ട് പ്ലേസ് ഏരിയ) തുടങ്ങിയവ അരങ്ങേറി.

ഡിഎംഎ പ്രസിഡന്റ് സി. കേശവൻകുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി നടത്തി. ഡിഡിഎ ലാൻഡ് കമ്മീഷണർ ആർ. സുബു, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രെട്ടറി എൻ.സി. ഷാജി, ട്രഷറർ പി. രവീന്ദ്രൻ, ജോയിന്റ് ട്രഷററും മലയാള ഭാഷാ പഠന ദിനം കൺവീനറുമായ എ. മുരളീധരൻ, ഇന്റേണൽ ഓഡിറ്റർ സി.ബി. മോഹനൻ എന്നിവർ പ്രസംഗിച്ചു. അത്താഴവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി