ശശി തരൂർ എംപി അബുദാബിയിൽ
Thursday, November 3, 2016 7:45 AM IST
അബുദാബി: യുഎഇ വായന വർഷാചരണത്തിന്റെ ഭാഗമായി റീഡ് ടുഡേ, ലീഡ് ടുമോറോ എന്ന ആശയപ്രചാരണാർഥം തലസ്‌ഥാന നഗരിയിലെ വിദ്യാർഥികളുമായി സംവദിക്കാൻ ഐക്യരാഷ്ര്‌ട സഭ മുൻ അണ്ടർ സെക്രട്ടറി ജനറൽ ഡോ. ശശി തരൂർ എംപി അബുദാബിയിൽ എത്തുന്നു. നവംബർ ആറിന് (ഞായർ) വൈകുന്നേരം 6.15 മുതൽ ഇന്ത്യ സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി. ധനകാര്യ മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ സിഇഎസും എംഇഎസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തുടർന്നു നടക്കുന്ന പൊതുസമ്മേളനം ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി ഖൂറി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ. ശശി തരൂർ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ഗ്രന്ഥകർത്താവ് മുഹമ്മദ് അബ്ദുൽ ജലീൽ അൽ ഫാഹിം, എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, വിദ്യാഭ്യാസ വിചക്ഷണനായ ഡേവിഡ് വില്യംസ് എന്നിവർ പ്രസംഗിക്കും.

അബുദാബിയിലെ അഞ്ചു സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറിലേറെ വിദ്യാർഥികൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടകരായ ക്രീയേറ്റീവ് എഡ്യൂക്കേഷണൽ സർവീസ് എംഡി കെ.കെ. അഷ്റഫ് അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഡേവിഡ് വില്യംസ്, എംഇഎസ് യുഎഇ വിഭാഗം വൈസ് പ്രസിഡന്റ് പി.പി. ഷാഫി, സംഘാടകസമിതി കൺവീനർ കെ.എച്ച്. താഹിർ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള