മനാമയിൽ സമസ്ത ബഹറിൻ യാത്രയപ്പ് സംഗമം നാലിന്
Friday, November 4, 2016 7:55 AM IST
മനാമ: ബഹറിനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ശനിയാഴ്ച നാട്ടിലേക്ക് മടങ്ങുന്ന യുവ പണ്ഡിതനും സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കോഓർഡിനേറ്ററുമായ ഉസ്താദ് ഉമറുൽ ഫാറൂഖ് ഹുദവിക്ക് സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന യാത്രയപ്പ് സംഗമം നവംബർ നലിന് (വെള്ളി) രാത്രി 8.30ന് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.

2009 ഫെബ്രുവരിയിലാണ് ഉമറുൽ ഫാറൂഖ് ഹുദവി ബഹറിനിലെത്തിയത്. സമസ്തയുടെ കോഓർഡിനേറ്റർ പദവിയിലെത്തിയ അദ്ദേഹം 200 ൽ പരം വിദ്യാർഥികൾ പഠിക്കുന്ന ബഹറിനിലെ സമസ്ത കേന്ദ്ര മദ്രസയായ ഇർശാദുൽ മുസ്ലിമീൻ മദ്രസയിൽ സ്വദർ മുഅല്ലിമായും (പ്രധാനാധ്യാപകൻ) സേവനമനുഷ്ഠിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ പാലത്തിങ്ങൽ സ്വദേശിയായ അദ്ദേഹം ബഹറിനിലെത്തും മുമ്പ് നാട്ടിൽ എസ്കെഎസ്എസ്എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.

യാത്രയപ്പ് ചടങ്ങിൽ സമസ്ത ബഹറിൻ കേന്ദ്രഏരിയ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും മദ്രസ മുഅല്ലിംകളും പങ്കെടുക്കും.

സമസ്ത കേന്ദ്ര മദ്രസയിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളും ബഹറനിലെ മുഴുവൻ സമസ്ത അനുഭാവികളും സംഗമത്തിൽ പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ് അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: +97339128941.