ബ്രിസ്റ്റോൾ ബൈബിൾ കലോത്സവത്തിന് ഉജ്‌ജ്വല പരിസമാപ്തി
Friday, November 4, 2016 7:56 AM IST
ബ്രിസ്റ്റോൾ: ക്ലിഫ്റ്റൺ രൂപത സീറോ മലബാർ കാത്തലിക് സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ കലോത്സവത്തിന് ഉജ്‌ജ്വല പരിസമാപ്തി.

ബ്രിസ്റ്റോൾ സൗത്ത് മിഡ് ഗ്രീൻവേ സെന്ററിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ബൈബിൾ പ്രതിഷ്ഠ നടത്തി തിരി തെളിച്ച് ഉദ്ഘാടനം ചെയ്ത കലോത്സവത്തിൽ മുന്നൂറോളം വ്യക്‌തിഗത ഇനങ്ങളിലും 50 ഗ്രൂപ്പ് ഇനങ്ങളിലുമായി നാനൂറോളം കുട്ടികളാണ് മാറ്റുരച്ചത്. ദൈവവചനത്തേയും വിശുദ്ധരേയും ആസ്പദമാക്കി നടത്തിയ കലാവിരുന്ന് കുട്ടികളിൽ വൈദ വിശ്വാസവും ജീവിതമൂല്യങ്ങളും വളർത്തുവാൻ ഉപകരിക്കുന്നതാണ്. യുകെയുടെ വിവിധ പ്രദേശങ്ങളിലുള്ള പ്രഗത്ഭരായ കലാ പ്രവർത്തകരാണ് മത്സരങ്ങൾ വിലയിരുത്തിയത്.

സമാപന സമ്മേളനം വൈകുന്നേരം 6.45ന് ആരംഭിച്ചു. സുവിശേഷകന്റെ ജോലി ചെയ്യാൻ എന്ന ആപ്ത വാക്യവുമായി ഇടയ ദൗത്യം ഏറ്റെടുത്ത മാർ ജോസഫ് സ്രാമ്പിക്കൽ, കലോത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമാണെന്നും മറ്റു കൂട്ടായ്മകളിലും ഇങ്ങനെയുള്ള കലോത്സവം പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചു. കലോത്സവത്തിന്റെ പിന്നിൽ പ്രവർത്തിച്ച ചാപ്ലിൻ ഫാ. പോൾ വെട്ടിക്കാട്ടിനെ അനുമോദിച്ച മാർ സ്രാമ്പിക്കൽ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ ഫാ. സണ്ണി പോൾ പ്രസംഗിച്ചു.

ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ജോയി വയലിൽ, ഫാ. സിറിൾ ഇടമന, ഫാ. ഫാൻസ്വ പത്തിൽ, ഫാ. ടോമി ചിറക്കൽ മണവാളൻ, ഫാ. സോണി കടമത്തോട്, ഫാ. ജിമ്മി പുളിക്കുന്നേൽ, സിസ്റ്റർ ഗ്രേസ്മേരി ചെറിയാൻ, സിജി വാധ്യാനത്ത്, ജെസി ഷിബു, ഡെന്നീസ് വി. ജോസഫ്, എന്നിവരുടെ സഹകരണം കലോത്സവത്തിന് മാറ്റുകൂട്ടി.