സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്: നവീൻ–ജോയൽ സഖ്യം ചാമ്പ്യന്മാർ
Friday, November 4, 2016 8:01 AM IST
ഫിലഡൽഫിയ: അസൻഷൻ മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഫിലഡൽഫിയയിൽനിന്നുള്ള നവീൻ–ജോയൽ സഖ്യം ചാമ്പ്യന്മാരായി.

ഒക്ടോബർ 15ന് ഫിലഡൽഫിയ North East Racqet & Fitness ക്ലബിൽ നടന്ന ടൂർണമെന്റിൽ ഡാളസിൽ നിന്നുളള ക്ലമന്റ് – ജോഫിൻ സഖ്യം റണ്ണേഴ്സ് അപ്പ് ആയി. ഒന്നാം സമ്മാനമായി ജമുന ട്രാവൽസ് സംഭാവന ചെയ്ത ഇന്ത്യയിലേക്കുള്ള യാത്രാ ടിക്കറ്റും രണ്ടാം സമ്മാനമായി സാംസംഗ് വാച്ചും വിജയികൾക്ക് നൽകി.

അമേരിക്കയിലെ ഏഴു സംസ്‌ഥാനങ്ങളിൽ നിന്നായി 24 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. കേരളത്തിലെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുളള ധനശേഖരണാർഥം നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും ചടങ്ങിൽ നടന്നു.

ഫിലഡൽഫിയായിലെ പ്രധാനികളായ അറ്റോർണി ജോസഫ് എം. കുന്നേൽ, വർഗീസ് മത്തായി എന്നിവർ മുഖ്യ സ്പോൺസർമാരായിരുന്നു. ഈ സംരംഭത്തിൽ ഫിലഡൽഫിയായിലെ മറ്റ് വ്യവസായ പ്രമുഖരും സാമ്പത്തിക സഹായം നൽകി. മിച്ചം വരുന്ന മുഴുവൻ തുകയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന ടൂർണമെന്റിന്റെ മുദ്രാവാക്യം തന്നെ Smashers Cup: A mission for the Last Lost an Least എന്നുളളതാണ്. സംരംഭത്തിൽ പങ്കാളികളായ എല്ലാ ജനങ്ങൾക്കും അസൻഷൻ മാർത്തോമ ഇടവക വികാരി റവ. ബിനു സി. സാമുവൽ, ടൂർണമെന്റ് ജനറൽ കൺവീനർ ബിനു സി. തോമസ് നന്ദി അറിയിച്ചു.

റിപ്പോർട്ട്: ബെന്നി പരിമണം