മാഞ്ചസ്റ്ററിൽ മാർ ജോർജ് ആലഞ്ചേരിക്കും മാർ ജോസഫ് ശ്രാമ്പിക്കലിനും സ്വീകരണം
Saturday, November 5, 2016 5:35 AM IST
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സ്‌ഥാപനത്തിനുശേഷം സഭാമക്കളെ നേരിൽ കാണുന്നതിനായി യുകെയിൽ എത്തുന്ന സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കലിനും മാഞ്ചസ്റ്ററിൽ സ്വീകരണം നൽകുന്നു.

വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് സ്വീകരണ പരിപാടികൾ. സീറോ മലബാർ ചാപ്ലിൻമാരായ റവ. ഡോ.ലോനപ്പൻ അരങ്ങാശേരി, ഫാ. ജിനോ അരീക്കാട്ട്, ഫാ.തോമസ് തൈക്കൂട്ടത്തിൽ, ക്നാനായ ചാപ്ലിൻ ഫാ.സജി മലയിൽപുത്തൻപുര എന്നിവർ നേതൃത്വം നൽകും.

ഷ്രൂഷ്ബറി, സാൽഫോർഡ്, ലിവർപൂൾ രൂപതകളിൽ നിന്നുള്ള വിശ്വാസികൾ പിതാക്കന്മാരെയും വൈദിക ശ്രേഷ്ടരേയും മാതൃവേദി പ്രവർത്തകർ മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കും. തുടർന്നു നടക്കുന്ന ദിവ്യബലിൽ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് കർദിനാൾ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തും.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ