ഡബ്ല്യുഎംസി കൊളംബോ കോൺഫറൻസ് നവംബർ 10, 11, 12, 13 തീയതികളിൽ
Saturday, November 5, 2016 8:28 AM IST
ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ഗ്ലോബൽ കോൺഫറൻസ് ശ്രീലങ്കൻ തലസ്‌ഥാനമായ കൊളംബോയിൽ നടക്കും. നവംബർ 10, 11, 12, 13 തീയതികളിൽ നിഗോംബോയിലെ ജെറ്റ്വിംഗ് ബ്ലൂ റിസോർട്ട് ഹോട്ടലിലാണ് സമ്മേളനം.

അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാർഈസ്റ്റ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ ആറു റീജണുകളിലെ 37 പ്രവശ്യകളിൽ*നിന്നുള്ള ഇരുനൂറിലധികം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കും. അടുത്ത രണ്ട് വർഷത്തെയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്‌ഞയും കോൺഫറൻസിന്റെ ഭാഗമായിരിക്കും. ലോകമെമ്പാടുമുള്ള മലയാളി ബിസിനസുകാരുടെ കൂട്ടായ്മ ലക്ഷ്യമിടുന്ന‘വേൾഡ് വൈഡ് മലയാളി ചേംബർ ഓഫ് കൊമേഴ്സി’ന്റെ ഉദ്ഘാടനവും എല്ലാവർഷവും ജൂലൈ–ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവാസി മലയാളികളുടെ സംഗമത്തെ കുറിച്ചുള്ള വിശദാംശങ്ങളും കോൺഫറൻസിൽ നടക്കും. കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന ‘വേൾഡ് മലയാളി സെന്റർ’, ‘മലയാളി ഹിസ്റ്ററി മ്യൂസിയം തുടങ്ങിയ സംരംഭങ്ങളെ കുറിച്ചുള്ള തീരുമാനവും സമ്മേളനത്തിൽ ഉണ്ടാകുമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലപിള്ള, കോൺഫറൻസ് ജനറൽ കൺവീനർ മാത്യൂ ജേക്കബ്, സഹ കൺവീനർമാരായ ജോളി തടത്തിൽ സാം മാത്യൂ, ജനറൽ സെക്രട്ടറി ജോസഫ് കിള്ളിയാൻ എന്നിവർ പറഞ്ഞു.

1995 ജൂലൈ മൂന്ന് മുതൽ ആരംഭിച്ച ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടയ്മ ശക്‌തമാക്കാനും*വരും തലമുറകൾക്കിടയിൽ സൗഹൃദവും സഹകരണവും മലയാളി മൂല്യങ്ങളും സംരക്ഷിക്കാൻ ഉതകുന്ന ക്രിയാത്മക സാഹചര്യം സൃഷ്‌ടിക്കാനുമുള്ള നടപടികൾക്ക് കൊളംബോ കോൺഫറൻസിൽ അന്തിമരൂപം നൽകും.

വിഭാഗിയതകൾക്കും സ്വാർഥലക്ഷ്യങ്ങൾക്കും അതീതമായി മലയാളികളുടെ സാംസ്കാരിക സംരക്ഷണത്തിന് വേൾഡ് മലയാളി കൗൺസിൽ പ്രതിജ്‌ഞാബദ്ധമാണ്. കൊളംബോ കോൺഫറൻസ് ഈ ദിശയിലുള്ള ദൃഢമായ കാൽവയ്പായിരിക്കുമെന്ന് പബ്ലിസിറ്റി/പബ്ലിക് റിലേഷൻ ചെയർമാൻ ജോർജ് കാക്കനാട്ട്*പറഞ്ഞു.