ഡാളസിൽ ഡോ. എം.വി. പിള്ളക്കും നടൻ ഇന്ദ്രജിത്തിനും സ്വീകരണം നൽകി
Saturday, November 5, 2016 8:32 AM IST
ഗാർലന്റ്(ടെക്സസ്): കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യ കൾചറൽ ആൻഡ് എഡ്യൂക്കേഷന്റേയും സംയുക്‌താഭിമുഖ്യത്തിൽ ഇന്റർനാഷണൽ നെറ്റ് വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ചിന്റെ തലവനായി നിയമിക്കപ്പെട്ട ഡോ. എം.വി. പിളളക്കും കേരളത്തിൽ നിന്നുളള പ്രമുഖ ചലച്ചിത്ര താരം ഇന്ദ്രജിത്ത് സുകുമാരനും ഡാളസിൽ സ്വീകരണം നൽകി.

നവംബർ നാലിന് വൈകുന്നേരം ഏഴിന് ഗാർലന്റ് ബെൽറ്റ് ലൈനിലുളള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു സി. മാത്യു മുഖ്യാതിഥികളെ പരിചയപ്പെടുത്തി. ആതുരശുശ്രൂഷ രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ ഡോ. എം. വി. പിളളയെ ആദരിക്കുവാൻ അവസരം ലഭിച്ചത് കേരള അസോസിയേഷന് വലിയൊരു നേട്ടമായി കാണുന്നുവെന്നു പ്രസിഡന്റ് പറഞ്ഞു. തുടർന്ന് ബോബൻ കൊടുവത്ത് (ഇന്ത്യ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ്), ജോസ് ഒച്ചാലിൽ (ലാനാ പ്രസിഡന്റ്), ഏബ്രഹാം തെക്കേമുറി (കെഎൽഎസ് പ്രസിഡന്റ്), ഡോ. അബ്ദുൾ റഷീദ് (യുറ്റിഎ പ്രഫസർ) എന്നിവർ പ്രസംഗിച്ചു. ഡോ. എം.വി. പിളള മറുപടി പ്രസംഗം നടത്തി.

തുടർന്ന് നടൻ ഇന്ദ്രജിത്തിനെ അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്ത് പരിചയപ്പെടുത്തി. തനിക്കു ലഭിച്ച സ്വീകരണത്തിന് ഇന്ദ്രജിത്ത് മറുപടി പറഞ്ഞു. ഇരുവർക്കും അസോസിയേഷന്റെ മൊമെന്റൊ ബാബു സി. മാത്യു, ആൻസി ജോസഫ് എന്നിവർ സമ്മാനിച്ചു. ജോ. സെക്രട്ടറി ഡാനിയേൽ കുന്നേൽ പ്രസംഗിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ