ഷിക്കാഗോ കബ്സിന്റെ വിജയം: ഷിക്കാഗോ മലയാളികളും അത്യാവേശത്തിൽ
Saturday, November 5, 2016 10:36 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രശസ്തമായ ഷിക്കാഗോ കബ്സ് അത്യന്തം ആവേശഭരിതമായ ഏഴാമത്തെ മത്സരത്തിൽ മേജർ ലീഗ് ബേസ്ബോളിന്റെ വേൾഡ് സീരീസ് ചാമ്പ്യൻ പട്ടം നേടിയപ്പോൾ ഷിക്കാഗോയിലെ മലയാളികളും മുമ്പ് എങ്ങുമില്ലാത്ത വിധത്തിൽ തന്നെ ആവേശപൂർവമായ ആഘോഷങ്ങളിൽ പങ്കാളികളായി.

ഷിക്കാഗോയിലെ മലയാളികളിൽ ഭൂരിഭാഗവും താമസിക്കുന്ന ഷിക്കാഗോയുടെ നോർത്ത് ഏരിയായുടെ സ്വന്തം ടീമുകൂടിയായ കബ്സ് വേൾഡ് സീരീസിൽ കളിക്കുവാൻ യോഗ്യത നേടിയപ്പോൾ തന്നെ നിരവധി ഷിക്കാഗോ മലയാളികൾ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചിരുന്നു. വാശിയേറിയ മത്സരം നിരവധി പേർ വീടുകളിലും കൂട്ടായ്മകളിലും ഒരുമിച്ചു കൂടി വീക്ഷിച്ചു. ഷിക്കാഗോ സോഷ്യൽ ക്ലബ്ബ്, ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബ് തുടങ്ങി മലയാളി കോട്ടയം വേദികളെല്ലാം തന്നെ ചരിത്ര വിജയത്തിന് സാക്ഷികളായി.

ക്ലീവ്ലാൻഡ് ഇന്ത്യൻസിനെ ഓവർടൈം ഇന്നിംഗ്സിൽ ഒരു റണ്ണിന് പരാജയപ്പെടുത്തിയത് ഷിക്കാഗോ കബസിന്റെ 108 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു എന്നും ഈ ചരിത്ര മുഹൂർത്തത്തതിന് സാക്ഷിയാകാൻ അവസരം ലഭിച്ചത് ഒരു അനുഗ്രഹം ആണ് എന്നും വർഷങ്ങളായി മുടങ്ങാതെ ഷിക്കാഗോ കബ്സിന്റെ എല്ലാ മത്സരങ്ങളും കാണുന്ന ഫെബിൻ കണിയാലിൽ അഭിപ്രായപ്പെട്ടു. ഷിക്കാഗോയുടെ കായിക ഭൂപടത്തിൽ ഒരു വലിയ ചരിത്രമാണ് ഷിക്കാഗോ കബ്സ് കുറിച്ചിരിക്കുന്നത് എന്ന് ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.

വിജയത്തിനുശേഷം അഞ്ച് മില്യൺ ആളുകൾ പങ്കെടുത്ത ചരിത്രം തിരുത്തിക്കുറിച്ച പരേഡിലും നിരവധി മലയാളികളാണ് പങ്കെടുത്തത്. ഷിക്കാഗോ കബ്സിന്റെ വ്രിഗ്ലി ഫീൽഡിൽ നിന്നും ഷിക്കാഗോയുടെ ഹൃദയഭാഗമായ ഗ്രാന്റ് പാർക്കിലേക്ക് നടത്തിയ പരേഡ് ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പരിപാടികളിൽ ഏഴാം സ്‌ഥാനം കരസ്‌ഥമാക്കിയിട്ടുണ്ട്. ഷിക്കാഗോയെ അക്ഷരാർഥത്തിൽ നീലക്കടലാക്കി മാറ്റിയ ആഘോഷങ്ങളുടെ ഭാഗമായി പല സ്കൂളുകളും അവധി പ്രാഖ്യാപിക്കുകയും സ്കൂളുകളിൽ പരേഡ് തത്സമയം വീക്ഷിക്കുവാൻ കുട്ടികൾക്ക് അവസരം ഒരുക്കുകയും ചെയ്തിരുന്നു. എട്ടു വർഷങ്ങൾക്ക് മുൻപ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ട ഒബാമ ഷിക്കാഗോയിൽ പ്രസംഗിച്ച വേദിയിൽ ഇത്തവണ കാലുകുത്തുവാൻ പോലും ഇടമില്ലതെയാണ് ജനങ്ങൾ തിങ്ങി നിറഞ്ഞത്. എന്നാൽ ഒരു അനിഷ്‌ട സംഭാവങ്ങൾ പോലും റിപ്പോർട്ട് ചെയ്യാതെ ആഘോഷങ്ങൾ തികച്ചും സൗഹാർദ്ദപരമായി പര്യവസാനിച്ചു എന്നത് ഷിക്കാഗോയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വസ്തുതയായി മാറി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം