ബഹുസ്വര സംസ്കൃതിയിൽ ഏകസിവിൽ കോഡ്അപ്രായോഗിക
Saturday, November 5, 2016 10:38 AM IST
റിയാദ്: എട്ടു മതങ്ങളും വ്യത്യസ്‌ഥ പ്രത്യയശാസ്ത്രങ്ങളും ഭാഷകളും ഉള്ള ഇന്ത്യയിൽ ഏകസിവിൽ കോഡ് അപ്രായോഗികമാണെന്നും മുത്വലാഖിനെ മറയാക്കി ഏകസിവിൽ കോഡ് ചർച്ച ഉയർത്തിക്കൊണ്ടു വന്ന് സാമുദായിക ധ്രുവീകരണത്തിലൂടെ ലാഭം കൊയ്യാനും സംഘപരിവാർ തങ്ങളുടെ രൂപീകരണകാലം മുതലുള്ള ഹിന്ദു രാഷ്ര്‌ടം എന്ന ആശയത്തിനു ബലമേകാനും നടത്തുന്ന നീക്കങ്ങൾക്കെതിരെ എല്ലാവിധ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് സമുദായം ഐക്യപ്പെടണമെന്നും രാജ്യത്തെ മറ്റു മതസ്‌ഥരും ജനാധിപത്യ മതേതരകക്ഷികളുമായി ചേർന്ന് സംഘപരിവാർ അജണ്ടയ്ക്കെതിരെ ജനാധിപത്യ മാർഗത്തിൽ പോരാടണമെന്നും റിയാദ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഏക സിവിൽകോഡും ഇന്ത്യൻ മുസ് ലിങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം അഭിപ്രായപ്പെട്ടു.

ലോകമ്മീഷൻ പുറപ്പെടുവിപ്പിച്ച ചോദ്യാവലിയുമായി സഹകരിക്കില്ലാ എന്നും മുസ്ലിം വ്യക്‌തി നിയമത്തിൽ മാറ്റങ്ങൾ ആവശ്യമില്ല എന്ന ഇന്ത്യൻ മുസ് ലിം പേഴ്സണൽ ലോ ബോർഡിന്റെ നിലപാടുകൾക്ക്കും കേരളത്തിൽ ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ് ലിം സംഘടനകളുടെ യോജിച്ചുള്ള പോരാട്ടത്തിനും സിമ്പോസിയം ഐക്യദാർഡ്യം പ്രകടിപ്പിച്ചു.

ബത്ഹ ശിഫ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുന്നുമ്മൽ കോയ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ഹമീദ് വാണിമേൽ വിഷയം അവതരിപ്പിച്ചു. അഷ്റഫ് വേങ്ങാട്,അബൂബക്കർ ഫൈസി, യു.പി. മുസ്തഫ, അശ്രഫ് മരുത, നൗഷാദലി, സുഫയാൻ അബ്ദുൾ സലാം, ഇസ്മായിൽ ഹുദവി, സഅദുദ്ദീൻ സ്വലാഹി,അഡ്വ.ഷാനവാസ്, പി.വി. അജ്മൽ,സലാം സഖാഫി ,അബ്ദുൾ സബാഹ് മാസ്റ്റർ, ഹാഷിം നീർവേലി, സാക്ക് വളക്കൈ തുടങ്ങിയവർ സംസാരിച്ചു. വി.കെ. മുഹമ്മദ് മോഡറേറ്ററായിരുന്നു. കെ.ടി. മുഹമ്മദ്,ഹുസൈൻ കുപ്പം, അബ്ദുറഹ്മാൻ കോയ്യോട്, അൻവർ വാരം, അബ്ദുൾ മജീദ് പയ്യന്നൂർ, ബുഷർ തളിപ്പറമ്പ്, മുക്‌താർ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ