അഭയാർഥികളുടെ സമ്പാദ്യം പിടിച്ചെടുക്കാനുള്ള ഡാനിഷ് പദ്ധതി പാളി
Saturday, November 5, 2016 10:41 AM IST
കോപ്പൻഹേഗൻ: രാജ്യത്തെത്തുന്ന അഭയാർഥികളിൽനിന്ന് നിശ്ചിത തുകയ്ക്കു മുകളിലുള്ള സമ്പാദ്യം മുഴുവൻ പിടിച്ചെടുക്കുന്ന ഡെൻമാർക്കിന്റെ പദ്ധതി കാര്യമായി ഗുണം ചെയ്തില്ലെന്ന് കണക്കുകളിൽ വ്യക്‌തമാകുന്നു.

ഇതുവരെ 117,600 ക്രോണർ മാത്രമാണ് ഈ പദ്ധതി വഴി സർക്കാരിനു കിട്ടിയത്. ഇത് ഏകദേശം 17,500 ഡോളർ മാത്രം മതിക്കുന്ന തുകയാണ്.

ആഗോള തലത്തിൽ തന്നെ വിമർശിക്കപ്പെട്ട വിവാദ നിയമം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടപ്പാക്കിയത്. അതിനുശേഷം നാലു തവണ അഭയാർഥികളിൽനിന്നു പണം പിടിച്ചെടുത്തിട്ടുണ്ട്. പതിനായിരം ക്രോണറിനു തുല്യമായ തുകയിൽ കൂടുതൽ കൈവശമുള്ളവരിൽനിന്നാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തിൽ പിടിച്ചെടുക്കാൻ കഴിഞ്ഞ ഏറ്റവും വലിയ ഒറ്റ തുക 79,600 ക്രോണറാണ്. അഞ്ച് ഇറാൻകാർ അടങ്ങുന്ന സംഘത്തിൽനിന്നായിരുന്നു ഇത്.

തുക കുറവാണെങ്കിൽ നിയമം വിജയമെന്ന് കുടിയേറ്റ വിരുദ്ധ ഡാനിഷ് പീപ്പിൾസ് പാർട്ടി. ഇവിടെ കാര്യങ്ങൾ കർക്കശമാണെന്ന സൂചന നൽകാൻ ഇതിലൂടെ സാധിക്കുമെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ