ലോക ടൂറിസം മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കെ.രൂപേഷ്കുമാർ
Monday, November 7, 2016 7:18 AM IST
കോട്ടയം: ലോക ടൂറിസം മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിക്കാൻ ഉത്തരവാദിത്വ ടൂറിസം പദ്ധതി സംസ്‌ഥാന കോ ഓർഡിനേറ്റർ കെ.രൂപേഷ്കുമാർ. ലണ്ടനിൽ ആരംഭിച്ച വേൾഡ് ട്രാവൽ മാർട്ടിലാണ് കോട്ടയം മറവൻതുരുത്ത് കുലശേഖരമംഗലം സ്വദേശിയായ രൂപേഷ് കുമാറിന് അവസരം ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച മുതൽ ആരംഭിച്ച മേളയിൽ വിവിധ ദിവസങ്ങളിലായി നാലു സെഷനുകളാണു രൂപേഷ്കുമാർ പ്രബന്ധം അവതരിപ്പിക്കുന്നത്.

ടൂറിസത്തെ ജനകീയവത്കരിക്കാൻ നടത്തിയ ശ്രമങ്ങൾക്കും ലോകത്തിനു മാതൃകയായി പരമ്പരാഗത തൊഴിലാളികളെ ടൂറിസം മേഖലയിൽ ഉൾപ്പെടുത്തി പാക്കേജുകൾ രൂപീകരിച്ചതിനുമുള്ള അംഗീകാരമായാണ് ഇദ്ദേഹത്തെ മേളയിലെ പ്രധാന പ്രഭാഷകനായി തെരഞ്ഞെടുത്തത്. ലോകത്തെ 161 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം പേരാണ് മാർട്ടിൽ പങ്കെടുക്കുന്നത്. ഐക്യരാഷ്ട്ര സഭയുടേതടക്കം ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള രൂപേഷ്കുമാർ ഗ്രാമീണ ടൂറിസത്തെക്കുറിച്ചും ടൂറിസം മേഖലയെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുമരകം, കോവളം, ബേക്കൽ വയനാട്, അടവി, തേക്കടി തുടങ്ങിയ സ്‌ഥലങ്ങളിലെ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ രൂപേഷ്കുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.