പ്രസംഗത്തിനിടെ ട്രംപിനെ സുരക്ഷ ഉദ്യോഗസ്‌ഥർ ഒഴിപ്പിച്ചു
Monday, November 7, 2016 8:33 AM IST
നെവേഡ്: നെവേഡയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ച് നിൽക്കുന്നതിനിടെ, പ്രസിഡന്റ് സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്‌ഥർ പ്രസംഗ പീഠത്തിൽ നിന്നും സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ.

നവംബർ അഞ്ചിനായിരുന്നു സംഭവം. ജനക്കൂട്ടത്തിലൊരാൾ ഗൺ, ഗൺ എന്ന് ഉച്ചത്തിൽ പറയുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്‌ഥർ ചാടിവീണ് ഒരാളെ കസ്റ്റഡിയിലെടുത്തു ആൾക്കൂട്ടത്തിനിടയിൽ നിന്നും നീക്കം ചെയ്തു. തോക്കുമായി ആരോ എത്തിയിട്ടുള്ളതായി സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നടപടികൾ അരങ്ങേറിയത്. റാലിയിൽ പങ്കെടുത്ത ചിലർ ഒരാളുടെ കൈവശം എന്തോ കണ്ടതായി പറയുന്നു. തുടർന്നു നടന്ന വിശദമായ തെരച്ചിലിൽ മാരകായുധങ്ങൾ ഒന്നും കണ്ടെത്താനായില്ല. അഞ്ചുമിനിറ്റിനുശേഷം ട്രംപ് സ്‌ഥലത്തെത്തി പ്രസംഗം തുടർന്നു.

ട്രംപിനു നേരേ ഇതിനു മുമ്പും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷാഭീഷണി ഉയർന്നിട്ടുണ്ട്. മയക്കുമരുന്നു ലോബിക്കും അനധികൃത കുടിയേറ്റക്കാർക്കും എതിരേ ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.

അതേസമയം ഓരോ മണിക്കൂർ പിന്നിടുംതോറും ട്രംപ് നില മെച്ചപ്പെടുത്തുന്നതാണ് സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

നവംബർ എട്ടിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞുവരുന്നത്.

dnt¸mÀ«v: ]n.]n. sNdnbm³