പരുമല തിരുമേനിയുടെ ഓർമപെരുന്നാൾ കൊണ്ടാടി
Monday, November 7, 2016 8:34 AM IST
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 114–ാമത് ഓർമപെരുന്നാൾ നവംബർ മൂന്ന്, നാല് തീയതികളിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ആചരിച്ചു.

മൂന്നിന് വൈകുന്നേരം പെരുന്നാളിനോടനുബന്ധിച്ച് നടന്ന സന്ധ്യാ നമസ്കാ രത്തിനും റാസയ്ക്കും മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് നേതൃത്വം നൽകി.

ഓർമപെരുന്നാളിന്റെ ഭാഗമായി എൻഇസികെ അങ്കണത്തിൽ താത്കാലികമായി സ്‌ഥാപിച്ച കുരിശടി ഡോ. മാർ തെയോഫിലോസ് കൂദാശ ചെയ്തു. പെരുന്നാൾ കൺവീനർ മനോജ് തോമസ്, ജോയന്റ് കൺവീനർ ജേക്കബ് വി. ജോബ് എന്നിവരുടെ ചുമതലയിൽ ഇടവകാംഗമായ റോണി കുര്യൻ ജോറി രൂപകൽപന ചെയ്ത കുരിശടിക്ക് 14 അടി ഉയരവും രണ്ടു മീറ്റർ വീതിയും മൂന്നു നിലകളും ഉണ്ട്.

നാലിന് രാവിലെ ഡോ. സഖറിയ മാർ തെയോഫിലോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു നടന്ന നേർച്ച വിതരണത്തോടെയും പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ