ഹില്ലരി ക്ലിന്റന്റെ വിജയത്തിനായി തേങ്ങ ഉടയ്ക്കുന്നു
Monday, November 7, 2016 8:37 AM IST
ഫ്രാങ്ക്ഫർട്ട്–കൊളംബോ: ഡമോക്രാറ്റിക് പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്‌ഥാനാർഥിയായ ഹില്ലരി ക്ലിന്റന്റെ വിജയത്തിനായി ആയിരം തേങ്ങാ ഉടയ്ക്കുന്നു. ശ്രീലങ്കയിലെ തമിഴ് വംശജർ തങ്ങളുടെ ജാഫ്നയിലെ നല്ലൂരിലുള്ള ചരിത്ര പാധാന്യമുള്ള കന്തസ്വാമി ക്ഷേത്രത്തിലാണ് തേങ്ങ ഉടച്ച് പ്രാർഥന വഴിപാട് നടത്തുന്നത്. കൂടാതെ ഇവർ ജാഫ്നായിലെ പള്ളിയിൽ മെഴുകുതിരികൾ കത്തിച്ച് പ്രാർഥിക്കും. ഹില്ലരി പ്രസിഡന്റാകുന്നത് ശ്രീലങ്കയിലെ ന്യൂനപക്ഷ സമൂഹമായ തങ്ങളുടെ ഭാവിയെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണെന്നാണ് ഇവരുടെ അഭിപ്രായം.

ഹില്ലരി ജയിക്കുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് തമിഴ് ദേശീയ സഖ്യാംഗമായ എംകെ ശിവജിലിംഗംപറഞ്ഞു. ശ്രീലങ്കയിലെ തമിഴ് വംശജരുമായുള്ള ഒത്തുതീർപ്പിന് പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് എല്ലാ പിന്തുണയും ഒബാമ ഭരണകൂടം വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് മൈത്രിപാല സിരിസേന ശ്രീലങ്കയിൽ അധികാരത്തിലെത്തുന്നത്. മുൻ പ്രസിഡന്റ് രാജപക്സെയേക്കാൾ ഊർജത്തോടെയും താല്പര്യത്തോടെയുമാണ് സിരിസേന തമിഴ് വംശജരുമായുള്ള ഒത്തുതീർപ്പിന് മുൻകൈയെടുക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോൺ