നിതാഖാത്: ചെറിയ സ്‌ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം
Monday, November 7, 2016 8:37 AM IST
ദമാം: ആറു ജീവനക്കാരുള്ള സ്‌ഥാപനങ്ങൾ ഇനി മുതൽ നിതാഖാത് പരിധിയിലാക്കി. നേരത്തെ ഇത് ഒമ്പതിൽ താഴെ ജീവനക്കാരുള്ള സ്‌ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തരം സ്‌ഥാപനങ്ങളെ രണ്ടാക്കി തിരിച്ചുകൊണ്ടു നിതാഖത്തിൽ മാറ്റം വരുത്തും.

ഒന്നു മുതൽ അഞ്ച് വരെ ജീവനക്കാരുള്ള സ്‌ഥാപനങ്ങളെ ഏറ്റവും ചെറിയ സ്‌ഥാപനങ്ങളുടെ കൂട്ടത്തിൽ എ വിഭാഗത്തിലും 6 മുതൽ 49 വരെ ജീവനക്കാരുള്ള സ്‌ഥാപനത്തെ ബി വിഭാഗമായും പരിഗണിക്കും.

6 മുതൽ 49 വരെ തൊഴിലാളികളുള്ള സ്‌ഥാപനങ്ങൾ ഇനി മുതൽ ചെറുകിട സ്‌ഥാപനങ്ങളുടെ ഗണത്തിൽ പെടും. ഈ സ്‌ഥാപനത്തിൽ നിശ്ചിത ശതമാനം സ്വദേശി വത്കരണം നടപ്പിലാക്കുകയും വേണം. അതായത് ഒരു സ്‌ഥാപനത്തിൽ ആറിൽ കൂടുതൽ തൊഴിലാളികളുണ്ടായാൽ സ്വദേശിയെ നിയമിക്കാൻ നിർബന്ധിതരാവും. 2016 ഡിസംബർ 11 മുതൽ പുതിയ ഭേദഗതി നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ആറും അതിൽ കൂടുതലും ആളുകൾ ജോലി ചെയ്യുന്ന രാജ്യത്തെ നൂറുകണക്കിനു ചെറുകിട സ്‌ഥാപങ്ങളെ പുതിയ നിയമം ബാധിക്കും.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം