കുട്ടികളെ ക്രിസ്തുശിഷ്യരാക്കുന്നതിനുള്ള നിയോഗം സ്മരിക്കപ്പെടേണ്ടതാണ്: യൂയാക്കിം മാർ കൂറിലോസ്
Monday, November 7, 2016 8:43 AM IST
ന്യൂയോർക്ക്: കുട്ടികളെ ക്രിസ്തു ശിഷ്യരാക്കുന്നതിനുള്ള നിയോഗം ഒരിക്കൽ കൂടി സ്മരിക്കപ്പെടുന്നതിനും പുതുക്കുന്നതിനുള്ള അവസരമായി അഖില ലോക സൺഡേ സ്കൂൾ ദിനം മാറണമെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്ക്കോപ്പാ. നവംബർ ആറിന് മർത്തോമ സഭാ അഖില ലോക സൺഡേ സ്കൂൾ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സൺഡേ സ്കൂൾ വിദ്യാർഥികൾക്കും സഭാംഗങ്ങൾക്കും സന്ദേശം നൽകുകയായിരുന്നു എപ്പിസ്കോപ്പ.

മാർത്തോമ സഭയുടെ അടിസ്‌ഥാന പ്രസ്‌ഥാനമായ മാർത്തോമ സൺഡേ സ്കൂൾ സമാജത്തിലൂടെ കഴിഞ്ഞ 111 വർഷമായി നിറവേറ്റിവരുന്ന ശുശ്രൂഷ ചാരിതാർഥ്യ ജനകമാണ്. റോബർട്ട് റെയ്ക്സിലൂടെ ആരംഭിച്ച സൺഡേ സ്കൂൾ പ്രസ്‌ഥാനം യേശുവിലേക്ക് വരിക, ഓരോ കുട്ടിയേയും യേശുവിലേക്ക് നയിക്കുക എന്ന ആപ്തവാക്യം ഉയർത്തി അനേകം തലമുറകളെ വളർത്തുന്നതിനും ഉറപ്പിക്കുന്നതിനും ഇടയായിട്ടുള്ളതായി എപ്പിസ്കോപ്പ അനുസ്മരിച്ചു.

അഖില ലോക സൺഡേ സ്കൂൾ ദിനമായ നവംബർ ആറന് നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിൽ ഉൾപ്പെട്ട എല്ലാ പള്ളികളിലും പ്രത്യേക ആരാധനയും പ്രത്യേക സ്ത്രോത്രാതി കാഴ്ചയും ക്രമീകരിച്ചിരുന്നു. പള്ളിയിലെ ആരാധനകൾക്കും ധ്യാന പ്രസംഗങ്ങൾക്കും സൺഡേ സ്കൂൾ വിദ്യാർഥികളും അധ്യാപകരും നേതൃത്വം നൽകി. ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ സൺഡേ സ്കൂൾ വിദ്യാർഥിനി നിഷാ കോശി ധ്യാന പ്രസംഗം നടത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ