വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി പള്ളിയിൽ കന്യാമറിയത്തിന്റെ ഓർമപെരുന്നാൾ
Monday, November 7, 2016 8:45 AM IST
വിയന്ന: സെന്റ് മേരീസ് മലങ്കര സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ വചനിപ്പ് പെരുന്നാളും ദേവാലയ പ്രവേശന പെരുന്നാളും നവംബർ 19, 20 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

ശനി വൈകുന്നേരം ഏഴിന് കൊടിയേറ്റ്, എട്ടിന് സന്ധ്യാപ്രാർഥന, ഒമ്പതിന് പെരുന്നാൾ സന്ദേശം, എക്യുമെനിക്കൽ മീറ്റിംഗ്, 10ന് പ്രദക്ഷിണം, നേർച്ചവിതരണം എന്നിവ നടക്കും.

ഞായർ രാവിലെ ഒമ്പതിന് പ്രഭാത പ്രാർഥന, തുടർന്നു നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ഫാ. നോമിസ് പതിയിൽ, ഫാ. കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകും. തുടർന്നു മധ്യസ്‌ഥ പ്രാർഥന, പെരുന്നാൾ സന്ദേശം, ആശിർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും. കൊടിയിറക്കോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.

ഫാ. കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. നോമിസ് പതിയിൽ എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന എക്യുമെനിക്കൽ കൂട്ടായ്മയിൽ വിയന്നയിലെ വിവിധ സഭകളിൽ നിന്നുള്ള വൈദികർ സംബന്ധിക്കും.

ഷെവ. കുര്യാക്കോസ് തടത്തിൽ (വൈസ് പ്രസിഡന്റ്), ഷാജി ചേലപ്പുറത്ത് (സെക്രട്ടറി), പ്രദീപ് പൗലോസ് (ട്രഷറർ) എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പ്രാർത്ഥനയോടും നേർച്ചകാഴ്ചകളോടും പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോഷി വെട്ടിക്കാട്ടിൽ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ