തനിമ മാധ്യമ ചർച്ച സംഘടിപ്പിച്ചു
Monday, November 7, 2016 8:45 AM IST
ജിദ്ദ: തനിമ ഷറഫിയ ഏരിയ ‘സമാധാനം, മാനവികത’ എന്ന തലക്കെട്ടിൽ അഖില സൗദി തലത്തിൽ നടന്നുവരുന്ന കാമ്പയിന്റെ ഭാഗമായി മാധ്യമ ചർച്ച സംഘടിപ്പിച്ചു. വൈവിധ്യങ്ങളുടെ മഹാത്ഭുമായ ബഹുസ്വരതയുടെ സംഗമഭൂമിയായ ഭാരതത്തിൽ ഫാസിസം പിടിമുറുക്കുന്നു. മതേതരത്വത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ പോലും സഹിഷ്ണുതയുടെ മതിലുകൾ ദ്രവിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സമാധാനത്തിലേക്കും സഹവർത്തിത്വത്തിലേക്കും നാടിനെ നയിക്കാൻ മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത പങ്കു വഹിക്കാനുണ്ടെന്ന് വിഷയം അവതരിപ്പിച്ച് ഹൈദർ അലി പടിഞ്ഞാറ്റുംമുറി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളുടെ മുന്നേറ്റ കാലത്ത് മാധ്യമ പ്രവർത്തകർ സ്വയം നിയന്ത്രിതമാവേണ്ടതുണ്ടെന്നും അതോടൊപ്പം ബഹുസ്വര സമൂഹത്തിൽ ആരും പൊതുധാരയിൽ നിന്നും മാറിനിൽക്കുന്നത് അഭികാമ്യമല്ലെന്നും പി.എം. മായിൻ കുട്ടി (മലയാളം ന്യൂസ്) അഭിപ്രായപ്പെട്ടു.

സാമൂഹിക മാധ്യമങ്ങളിലെ പോരും പോർവിളിയും നമ്മെ ഭയപ്പെടുത്തുന്ന സമകാലിക സാഹചര്യത്തിൽ മാധ്യമങ്ങൾ തങ്ങളുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച് വിവേചന ബുദ്ധിയോടെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് കഴിയേണ്ടതുണ്ടെന്നും ശംസുദ്ദീൻ (മാധ്യമം) പറഞ്ഞു.

പരസ്പരമുള്ള ഭിന്നിപ്പും വിദ്വേഷങ്ങളും കാരണം ഫാസിസത്തിനെതിരെ കൃത്യമായ പ്രതിരോധനിര കെട്ടിപ്പടുക്കാൻ കഴിയുന്നില്ലെന്ന് ജാഫറലി പാലക്കോട് (റിപ്പോർട്ടർ ടിവി) അഭിപ്രായപ്പെട്ടു.

കബീർ കൊണ്ടോട്ടി (തേജസ്), അബ്ദുറഹ്മാൻ വണ്ടൂർ (കൈരളി ടിവി), ബഷീർ തൊട്ടിയൻ (ജീവൻ ടിവി), സുൽഫീക്കർ ഒതായി (അമൃത ടിവി), സാദിഖലി തുവ്വൂർ (മീഡിയ വൺ), മുസ്തഫ പെരുവള്ളൂർ (ദീപിക), ഇബ്റാഹിം ശംനാട് (മാധ്യമം), മഹ്ബൂബലി പത്തപ്പിരിയം, റഹിം ഒതുക്കുങ്ങൽ, ഇസ്മായിൽ കല്ലായി, മൂസ അത്താണിക്കൽ, റഷീദ് എടവനക്കാട്, കെ.എം. അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു. മൂസക്കുട്ടി വെട്ടിക്കാട്ടിരി മോഡറേറ്ററായിരുന്നു.