ജർമനിയിൽ വിദേശ വാഹനങ്ങൾക്ക് ടോൾ: യൂറോപ്യൻ യൂണിയൻ ചെറുത്തുനിൽപ്പ് തുടരുന്നു
Monday, November 7, 2016 10:22 AM IST
ബർലിൻ: വിദേശ രാജ്യങ്ങളിൽനിന്നു വരുന്ന കാറുകൾ ജർമൻ ദേശീയ പാതകളിൽ ടോൾ ഏർപ്പെടുത്തിയ നടപടിക്കെതിരേ യൂറോപ്യൻ യൂണിൻ കടുത്ത പോരാട്ടം തുടരുന്നു.

യൂറോപ്യൻ പൗരൻമാർക്കെതിരായ വിവേചനമാണിതെന്ന വാദമാണ് യൂണിയൻ പ്രധാനമായും ഉയർത്തുന്നത്. ഇതു മറികടക്കാൻ, ജർമനിക്കാർക്കു കൂടി ടോൾ ഏർപ്പെടുത്തുകയും റോഡ് ടാക്സിൽനിന്ന് ഈ തുക കുറവു ചെയ്തു കൊടുക്കുകയും ചെയ്യുക എന്ന കുറുക്കുവഴിയാണ് ജർമനി സ്വീകരിച്ചിരിക്കുന്നത്.

ഇതിനെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോയ യൂണിയൻ, സമാന്തരമായി അനുനയത്തിനുള്ള ശ്രമങ്ങളും തുടരുകയാണ്. ഈ മാസം തന്നെ ജർമനിയുമായി ഇക്കാര്യത്തിൽ ഒത്തുതീർപ്പിലെത്താൻ സാധിക്കുമെന്നാണ് യൂണിയൻ നേതൃത്വം പ്രതീക്ഷിക്കുന്നത്.

ജർമൻ ഗതാഗത മന്ത്രി അലക്സാൻഡർ ഡോബ്രിന്റുമായി കമ്മീഷൻ ചർച്ചകൾ നടത്തിവരുകയാണ്. ജർമനി ഇളവു പ്രഖ്യാപിച്ചാൽ നിയമ നടപടികൾ പിൻവലിക്കാമെന്ന നിലപാടും കമ്മീഷൻ സ്വീകരിച്ചതായി അറിയുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ