ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്‌ഥ വാർഷിക കുടുംബ സംഗമം വൻ വിജയമായി
Tuesday, November 8, 2016 3:46 AM IST
ന്യൂയോർക്ക് : നവംബർ നാലിനു വെള്ളിയാഴ്ച്ച വൈകിട്ട് ഏഴു മുതൽ ക്വീൻസ് വില്ലേജിൽ ഹിൽസൈഡ് അവന്യൂവിലുള്ള രാജധാനി ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സപ്ലൈ ലോജിസിറ്റിക്സ് മലയാളി വാർഷിക ഉദ്യോഗസ്‌ഥ കുടുംബ സംഗമം സംഘടിപ്പിച്ചു.

ഉമ്മൻ എബ്രഹാമിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ജനറൽ കൺവീനർ ജയപ്രകാശ് നായർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വർഗീസ് രാജൻ തന്റെ അധ്യക്ഷപ്രസംഗത്തിൽ ഇത്രയധികം സഹപ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളേയും കാണുവാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. തുടർന്നു സംഗമത്തിൽ സംബന്ധിച്ച എല്ലാവരും സ്വയം പരിചയപ്പെടുത്തി.

ഈ വർഷം ജോലിയിൽ നിന്ന് വിരമിക്കുന്ന സി.വി. വർഗീസിനെ ദീർഘകാലം സഹപ്രവർത്തകനായിരുന്ന സി.ഓ. ജോൺ പരിചയപ്പെടുത്തുകയും പ്രശംസാ ഫലകം നൽകി ആദരിക്കുകയും ചെയ്തു. സി.വി. വർഗീസ് നന്ദി പ്രകാശിപ്പിച്ചു. ട്രഷറർ പി.വൈ. ജോയി കഴിഞ്ഞ വർഷത്തെ കണക്കുകൾ അവതരിപ്പിച്ചതോടൊപ്പം തന്നോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

അടുത്ത വർഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ എതിരില്ലാതെ തെരഞ്ഞെടുത്തു: പ്രസിഡന്റ് –വർഗീസ് രാജൻ, ജനറൽ കൺവീനർ –ജയപ്രകാശ് നായർ, പബ്ലിക് റിലേഷൻസ് – രജി കുര്യൻ. നോർത്തിൽ നിന്നു കോർഡിനേറ്റർമാരായി സൈമൺ ഫിലിപ്പ്, ജയിംസ് മാത്യു, അനിൽ ചെറിയാൻ എന്നിവരേയും, സൗത്തിൽ നിന്ന് ജോർജ് യോഹന്നാൻ, വിൽസൺ ഉമ്മൻ, ജോർജ് ഡേവിഡ് എന്നിവരെയും, റിട്ടയറീസിൽ നിന്നും പി.എസ്. വർഗീസ്, സി.ഒ. ജോൺ, ജോർജ് വർക്കി, ജോസഫ് ദത്തോസ്, സാമുവൽ തോമസ് എന്നിവരേയും, ഉപദേശക സമിതിയിലേക്ക് ആമോസ് മത്തായി, മത്തായി മാത്യുസ്, ഉമ്മൻ എബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു.

അടുത്ത വർഷത്തെ കുടുംബ സംഗമം 2017 നവംബർ പതിനൊന്നിനു ശനിയാഴ്ച രാവിലെ 11.30 മുതൽ കൂടുന്നതാണെന്ന് തീരുമാനിച്ചു. സംഗമവേദി പിന്നീട് തീരുമാനിക്കുന്നതായിരിക്കും.തോമസ് ജോസഫ്, ഷിബു, ജോർജ് വർക്കി എന്നിവർ ഗാനങ്ങൾ ആലപിച്ചു. മത്തായി മാത്യുസ് ആശംസാപ്രസംഗം നടത്തി. എംസിയായി പ്രവർത്തിച്ച ആമോസ് മത്തായി നർമ്മത്തിന്റെ മേമ്പൊടിയോടെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പരിപാടികൾ സജീവമാക്കി.

റിപ്പോർട്ട്: ജയപ്രകാശ് നായർ