കർദിനാൾ ജോസഫ് ഡബ്ല്യു. ടോബിൻ ന്യുവാർക് ആർച്ച്ബിഷപ്
Tuesday, November 8, 2016 7:40 AM IST
ന്യൂജേഴ്സി: കർദിനാൾ ജോസഫ് ഡബ്ല്യു ടോബിനെ (64) ന്യുവാർക്ക് അതിരൂപതയുടെ ആർച്ച് ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ന്യുവാർക്ക് ആർച്ച് ബിഷപ് ജോൺ ജെ. മെയേഴ്സ് വിരമിക്കുന്ന ഒഴിവിലേക്കാണ് ജോസഫ് ടോബിന്റെ നിയമനം. നവംബർ ഏഴിന് വത്തിക്കാൻ പ്രതിനിധിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

1.2 ബില്യൺ കത്തോലിക്ക വിശ്വാസികളുളള ന്യുവാർക്ക് അതിരൂപതയുടെ ആറാമത്തെ ആർച്ച് ബിഷപ്പും പ്രഥമ കർദിനാളുമാണ് ജോസഫ് ടോബിൻ. കഴിഞ്ഞ മാസമാണ് ജോസഫ് ടോബിനെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. അമേരിക്കൻ രൂപതകളിൽ അംഗസംഖ്യയിൽ ആറാം സ്‌ഥാനമാണ് ന്യുവാർക്കിന്. അമേരിക്കയിൽ നിന്നും മൂന്ന് പേർ ഉൾപ്പെടെ പതിനേഴ് പേരെയാണ് അടുത്തയിടെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്കുയർത്തിയത്. ഇവരുടെ സ്‌ഥാനാരോഹണം ഈ മാസം ഒടുവിൽ വർത്തിക്കാനിൽ നടക്കും.

ആർച്ച് ബിഷപ് ടോബിൻ ഡിട്രോയിറ്റിൽ നിന്നുളള മാതാപിതാക്കളുടെ പതിമൂന്ന് മക്കളിൽ ഒരാളാണ്. 2012ലാണ് ഇന്ത്യാനപോലീസ് ആർച്ച് ബിഷപ്പായി നിയമിതനായത്. മാർപാപ്പയുമായി അടുത്ത ബന്ധം പുലർത്തുന്ന കർദിനാൾ ടോബിൻ അഞ്ചു വർഷം വത്തിക്കാനിലെ രണ്ടാമത്തെ ഉയർന്ന പദവിയിൽ സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ