നൃത്ത വിസ്മയമൊരുക്കി ‘നൂപുരം 2016’ സമാപിച്ചു
Tuesday, November 8, 2016 7:41 AM IST
കുവൈത്ത് സിറ്റി: വനിതാവേദി കുവൈറ്റിന്റെ ‘നൂപുരം 2016’ സാംസ്കാരികമേള സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ (സീനിയർ) അരങ്ങേറി. പ്രസിദ്ധ നർത്തകരായ അശ്വതി ശ്രീകാന്ത്, ശ്രീകാന്ത് എന്നിവർ അവതരിപ്പിച്ച ‘ആത്മത’ എന്ന നൃത്തസപര്യ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പ്രകൃതിയിലുണ്ടാകുന്ന മാറ്റം എങ്ങനെ മനുഷ്യനിൽ പ്രതിഫലിക്കുന്നു. പുരുഷ–സ്ത്രീ ബന്ധം തുടങ്ങിയ സമകാലിക വിഷയങ്ങൾ കാവ്യത്മകമായി ചുവടുവച്ചപ്പോൾ നിറഞ്ഞ കൈയടിയോടെ ആസ്വാദക സദസ് അത് ഏറ്റുവാങ്ങി.

കേരളത്തിന്റെ തനത് കലകൾ കൊണ്ട് ശ്രദ്ദേയമായ ഘോഷയാത്രയോടെയാണ് മേള ആരംഭിച്ചത്. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ശാന്ത ആർ. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ അശ്വതി ശ്രീകാന്ത് മുഖ്യ പ്രഭാഷണം നടത്തി. അഞ്ജന സജി കേരളപിറവി സന്ദേശം നൽകി. നൂപുരം 2016 ന്റെ ഭാഗമായി ഇറക്കിയ സുവനീർ ബിന്ദു സജീവനിൽ നിന്നും കുവൈത്ത് ടിവി ഡയറക്ടർ (മിനിസ്ട്രി ഓഫ് ഇൻഫോർമേഷൻ) നാസർ ഹമീദ് മുഹമ്മദ് കമാൽ, ജോൺ മാത്യുവിന് കൈമാറി. ജോൺ മാത്യു, ആർ. നാഗനാഥൻ, സാം പൈനുംമൂട്, ദേവി രഞ്ജിനി എന്നിവർ പ്രസംഗിച്ചു.

മേളയുടെ ഭാഗമായി നടന്ന തിരുവാതിര കളി മത്സരത്തിൽ നാഫോ ഒന്നാം സ്‌ഥാനവും സമന്വയം മംഗഫ് രണ്ടാം സ്‌ഥാനവും പൽപക് മൂന്നാം സ്‌ഥാനവും ലെമോഡ ഗാർമെന്റ്സ് നൽകിയ കാഷ് പ്രൈസും ഏറ്റു വാങ്ങി. ബിന്ദു ദിലീപ്, രമ അജിത്ത് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വനിതാവേദി സെക്രട്ടറി ടോളി പ്രകാശ്, നൂപുരം 2016 ജനറൽ കൺവീനർ ശ്യാമള നാരായണൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ