ഡോ. ജോസഫ് കളത്തിപറമ്പിലിന് സ്വീകരണം നൽകി
Tuesday, November 8, 2016 7:44 AM IST
റോം: വാരാപ്പുഴ അതിരൂപത നിയുക്‌ത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിന് കെആർഎൽസിസിസിഐയുടെ നേതൃത്വത്തിൽ അൽമായരും വൈദികരും സന്യസ്തരുമടങ്ങുന്ന വിശ്വാസ സമൂഹം സ്വീകരണം നൽകി.

നവംബർ ആറിന് ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല, ഈശോ സഭ കേരള പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. എം.കെ. ജോർജ്, ഉർബാനിയാനും യൂണിവേഴ്സിറ്റി സെക്രട്ടറി ജനറൽ ഫാ. വർഗീസ് മാളിയേക്കൽ ഒസിഡി, ഉർബാനിയാനും യൂണിവേഴ്സിറ്റി മിസിയോളജി വിഭാഗം ഡീൻ ഫാ. ബനഡിക്ട് കാനക്കാപ്പിള്ളി ഒസിഡി, കംപാഷനിസ്റ്റ് സന്യാസ സമൂഹത്തിന്റെ സെക്രട്ടറി ജനറൽ ഫാ. പോൾ സിപി എന്നിവരെ കൂടാതെ ഇരുപത്തഞ്ചോളം വൈദികരും സഹകാർമികരായിരുന്നു.

ബിബ്ലിക്കും യൂണിവേഴ്സിറ്റിയിലെ ബൈബിൾ പ്രഫ. ഫാ. ഹെൻറി പട്ടരുമഠത്തിൽ വചനപ്രഘോഷണം നടത്തി. തുടർന്നു ഡോ. അലക്സ് വടക്കുംതല നിയുക്‌ത ആർച്ച്ബിഷപ്പിനെ ആശംസ നേർന്നു സംസാരിച്ചു. വികാരി ഫാ. ആന്റണി അറയ്ക്കൽ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ സ്വീകരണ പരിപാടി സമാപിച്ചു.

റിപ്പോർട്ട്: ഡെൽറ്റസ് തെക്കേആലുങ്കൽ