ഇല്ലിനോയി പബ്ലിക് എയ്ഡ് ഓഫീസുകളിൽ മലയാള ഭാഷ അംഗീകൃതമാക്കാൻ ഫോമയുടെ ശ്രമം
Tuesday, November 8, 2016 8:56 AM IST
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയന്റെ പ്രഥമ യോഗം റീജണൽ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് എടാട്ടിന്റെ അധ്യക്ഷതയിൽ മോർട്ടൻഗ്രോവിൽ വച്ചു നടത്തപ്പെട്ടു. തദവസരത്തിൽ ഫോമാ നാഷണൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണൽ ട്രഷറർ ജോസി കുരിശിങ്കൽ, നാഷണൽ കമ്മിറ്റി മെമ്പർമാരായ പീറ്റർ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടിൽ, നാഷണൽ വനിതാ പ്രതിനിധി ബീന വള്ളിക്കളം എന്നിവർ സന്നിഹതരായിരുന്നു.

അമേരിക്കൻ മലയാളി കുടിയേറ്റ ചരിത്രത്തിലെ ആദ്യകാല സിറ്റിയായ ഷിക്കാഗോയിലെ മലയാളികളുടെ സുഗമമായ നടപടികൾക്കായി ഫോമ ഷിക്കാഗോ റീജണിന്റെ നേതൃത്വത്തിൽ ഇല്ലിനോയി പബ്ലിക് എയ്ഡ് ഓഫീസുകളിൽ മലയാള ഭാഷ ഉൾപ്പെടുത്തുവാൻ മുൻകൈ എടുക്കുന്നതിനായി തീരുമാനമെടുത്തു. അയ്യായിരത്തിൽപ്പരം മലയാളി കുടുംബങ്ങളെ ഉൾപ്പെടുത്തി ഒപ്പു ശേഖരിച്ച് ഇല്ലിനോയി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ സമർപ്പിക്കുന്നതിനും അതിന്റെ തുടർ നടപടികളിൽ ഫോമയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു.

ഷിക്കാഗോയിലെ മലയാളി സാംസ്കാരിക, സാമുദായിക സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പരിപാടികളുടെ വിജയത്തിനായി ചെയർമാനായി ജോർജ് മാത്യുവിനേയും (ബാബു), കോർഡിനേറ്ററായി ബിജു പി. തോമസിനേയും തെരഞ്ഞെടുത്തു.

യോഗത്തിൽ ഡോ. സാൽബി പോൾ ചേന്നോത്ത്, ജോൺ പാട്ടപതി, സിനു പാലക്കാത്തടം, ആഷ്ലി ജോർജ്, സ്റ്റാൻലി കളരിക്കമുറി, ഗ്ലാഡ്സൺ വർഗീസ്, സണ്ണി വള്ളിക്കളം, ബിജു ഫിലിപ്പ്, ജിജി സാം, വിനു മാമൂട്ടിൽ, ജീൻ പുത്തൻപുരയ്ക്കൽ, സോണി, സാജൻ ഉറുമ്പിൽ, രാജൻ തലവടി, സജി വെള്ളാരംകാലായിൽ, ജോസ് മണക്കാട്ട്, ദാസ് രാജഗോപാൽ, സച്ചിൻ ഉറുമ്പിൽ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം