പ്രസിഡന്റ് സ്‌ഥാനാർഥികൾക്ക് വോട്ടുനൽകാതെ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ്
Wednesday, November 9, 2016 4:05 AM IST
ടെക്സസ്: രണ്ടു തവണ റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയായി മത്സരിച്ച് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു ബുഷ് ഇത്തവണ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി സ്‌ഥാനാർഥിക്ക് വോട്ടു രേഖപ്പെടുത്തിയില്ല.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബുഷും ഭാര്യ ലോറ ബുഷും സ്‌ഥാനാർഥി പട്ടികയിലെ പ്രസിഡന്റ് സ്‌ഥാനാർഥികളിൽ ആർക്കും വോട്ടു ചെയ്തില്ല എന്ന് ബുഷിന്റെ ഔദ്യോഗിക വക്‌താവ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഹില്ലരി ക്ലിന്റണ് ബുഷ് വോട്ടു ചെയ്തതായി നേരത്തെ വന്ന റിപ്പോർട്ടിന് ഘടകവിരുദ്ധമാണ് പുതിയ പ്രസ്താവന.

അതേസമയം പ്രസിഡന്റ് സ്‌ഥാനാർഥി ഒഴികെ മറ്റെല്ലാ റിപ്പബ്ലിക്കൻ സ്‌ഥാനാർഥികൾക്കും ഇരുവരും വോട്ടുരേഖപ്പെടുത്തി. ഒരു വർഷം നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിലുടെനീളം നിശബ്ദത പാലിക്കുകയായിരുന്നു മുൻ പ്രസിഡന്റ് ബുഷ്.

റിപ്പബ്ലിക്കൻ പാർട്ടിയിലെ പല പ്രമുഖരും ട്രംപിന് വോട്ടു നൽകില്ലെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ഹിസ്പാനിക് ജനവിഭാഗങ്ങളോടും സ്ത്രീകളോടും ട്രംപ് സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ചാണിത്.

റിപ്പബ്ലിക്കൻ പാർട്ടി ഐക്യകണ്ഠേന തെരഞ്ഞെടുത്ത പ്രസിഡന്റ് സ്‌ഥാനാർഥിക്ക് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് യുഎസ് ഹൗസ് സ്പീക്കർ പോൾ റയൻ വോട്ടു ചെയ്തിട്ടും ബുഷും കുടുംബവും മാറിനിന്നത് അനുചിതമായെന്നാണ് പൊതുവേയുള്ള അഭിപ്രായം.

റിപ്പോർട്ട്: പി.പി. ചെറിയാൻ