കറൻസി അസാധുവാക്കൽ: യൂറോപ്പിലെ ഇന്ത്യൻ പ്രവാസികൾ ആശങ്കയിൽ
Thursday, November 10, 2016 8:52 AM IST
ഫ്രാങ്ക്ഫർട്ട്: ഇന്ത്യ ഗവൺമെന്റ് 1000, 500 രൂപ കറൻസികൾ അസാധുവാക്കിയ പ്രഖ്യാപനം യൂറോപ്യൻ പ്രവാസി ലോകത്തിൽ അമ്പരപ്പും ആശങ്കയും ഉണ്ട ാക്കി. ചെറിയ തുകയാണെങ്കിലും ഇന്ത്യൻ കറൻസികൾ കൈവശമുള്ളവർ ഈ വരുന്ന ഡിസംബർ 30നകം അത് മാറ്റിയെടുക്കേണ്ടതായി വരുന്നു. ഈ വർഷം ഡിസംബർ 30 നകം നാട്ടിൽ പോകാത്ത പ്രവാസികൾ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ്.

ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതു മുതൽ രൂപ ശക്‌തിപ്പെട്ടു തുടങ്ങിയതും പ്രവാസികൾക്ക് തിരിച്ചടിയാണ്. ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ കാര്യമായ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇതിന്റെ തോത് എത്രയാകുമെന്ന് വരും ദിവസങ്ങളിലേ വ്യക്‌തമാവുകയുള്ളു.

ഡിസംബർ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫീസിലും അസാധുവായ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകുമെങ്കിലും വിദേശ രാജ്യങ്ങളിൽ രൂപ കൈവശമുള്ളവർ എങ്ങനെ പണം മാറ്റിയെടുക്കുമെന്നതിൽ വ്യക്തത കൈവന്നിട്ടില്ല. അന്താരാഷ്ട്ര ധനവിനിമയ സ്‌ഥാപനങ്ങൾ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ് പ്രവാസി ലോകം ആവശ്യപ്പെടുന്നത്.

അതേസമയം പ്രധാന അന്തർദേശീയ മണി എക്സ്ചേഞ്ചുകൾക്ക് ഇതേവരെ യാതൊരു നിർദ്ദേശവും കിട്ടിയിട്ടില്ല. ഡിസംബർ 30നു മുമ്പ് നാട്ടിൽ പോകുന്നവർക്ക് പണം മാറാൻ അവസരം ലഭിക്കും. അതിന് കഴിയാത്തവർ നാട്ടിൽ പോകുന്നവരുടെ പക്കൽ കൊടുത്തയക്കേണ്ടിവരും. രണ്ടാമത് ഒരാൾക്ക് 500, 1000 രൂപാ കറൻസികൾ മാറാൻ നോമിനേഷൻ നൽകിയാലും ഇതിനുവേണ്ടി ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് നൽകേണ്ടത് പ്രശ്നമാകും. ഈ വിഷയത്തിൽ റിസർവ് ബാങ്കും ധനവകുപ്പും വ്യക്‌തമായ ഒരു ഒരു നിർദ്ദേശവും നൽകിയിട്ടില്ല.

റിപ്പോർട്ട്: ജോർജ് ജോൺ