കറൻസി മാറ്റം: പ്രവാസികൾക്ക് മതിയായ അവസരം നൽകണം
Thursday, November 10, 2016 8:53 AM IST
ലുഗാനോ, സ്വിറ്റ്സർലൻഡ്: ഇന്ത്യൻ സർക്കാർ പിൻവലിച്ചിട്ടുള്ള 500, 1000 നോട്ടുകൾ മാറിയെടുക്കുന്നതിനു പ്രവാസികൾക്ക് മതിയായ സൗകര്യങ്ങളും സമയവും നൽകണമെന്നു ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

വിദേശത്തുനിന്നും എത്തുന്ന പ്രവാസികൾക്ക് തങ്ങളുടെ കൈവശമുള്ള ഇന്ത്യൻ നോട്ടുകൾ എല്ലാ വിമാനത്താവളങ്ങളുടേയും ആഗമന വിഭാഗത്തിലുള്ള ബാങ്ക് കൗണ്ടർ വഴി കുറഞ്ഞത് 18 മാസത്തേക്കെങ്കിലും മാറ്റിയെടുക്കുവാൻ അവസരം നൽകണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം. നാട്ടിൽ സൂക്ഷിച്ചിട്ടുള്ള പണം ഡിസംബർ 30–നു മുമ്പ് മാറ്റിയെടുക്കുവാൻ കഴിയാതെ വരുന്ന പ്രവാസികൾക്ക് ഈ തുക തങ്ങൾക്ക് അക്കൗണ്ട് ഉള്ള ബാങ്കുകൾ മുഖേനതന്നെ മാറ്റിയെടുക്കുവാൻ അനുവദിക്കണം. നിലവിൽ ഇത്തരം നോട്ടുകൾ മാറ്റിയെടുക്കുന്നതിന് റിസർവ് ബാങ്കിന്റെ ഓഫീസുകളിൽ എത്തണം എന്ന നിബന്ധന പ്രവാസികൾക്ക് ഏറെ പ്രയാസകരമാണ്.

ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, ജിഎംഎഫ് ഇക്കണോമിക് ഫോറം പ്രസിഡന്റ് അഡ്വ. സേവ്യർ ജൂലപ്പൻ എന്നിവരാണ് നിവേദനം നൽകിയത്.