ഫെസ്റ്റലൻ നാലാം സീസൺ ഒരുങ്ങുന്നു
Thursday, November 10, 2016 8:53 AM IST
ന്യൂയോർക്ക്: ആധുനിക മലയാള സിനിമയിൽ സർഗാത്മകമായ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ് കടന്നുപോകുന്നത്. ഇതിനെല്ലാം ഷോർട്ട് ഫിലിമുകൾ വഹിച്ച പങ്ക് ചെറുതല്ല. ഒരു പതിറ്റാണ്ടു മുമ്പുവരെ ഹ്രസ്വ ചിത്രങ്ങൾ മലയാളിയുടെ ആസ്വാദന ബോധത്തിൽ ഇടംപിടിച്ചിരുന്നില്ല. നവ മാധ്യമങ്ങളുടെ വരവോടുകൂടി ഇത്തരം സൃഷ്‌ടികൾക്ക് വേരു മുളച്ചു. പുത്തൻ ചിന്തകളും ആശയങ്ങളും പത്തോ ഇരുപതോ മിനിറ്റുകൾക്കുള്ളിൽ ആസ്വാദകരിലേക്ക് പടർന്നിറങ്ങി.

ഫെസ്റ്റലൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ മുന്നോട്ടു വയ്ക്കുന്നതും ഇത്തരമൊരു ആശയമാണ്. വ്യത്യസ്തവും കാമ്പും കൗതുകവും ഒരുപോലെ സമന്വയിക്കുന്ന ഷോർട്ട് ഫിലിമുകൾക്ക് അഭ്രപാളികളിൽ വിസ്മയം തീർക്കാവുന്ന ഏറ്റവും നല്ലൊരിടം.

2014ൽ ആരംഭിച്ച ഫെസ്റ്റലൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇത്തവണ നാലാം സീസണിലേക്ക് കടക്കുകയാണ്. നൂറു ചിത്രങ്ങളാണ് ഫെസ്റ്റലന്റെ ആദ്യ റൗണ്ടിൽ ഇടം നേടുന്നത്. അതിൽ നിന്നും മികച്ച 50 ചിത്രങ്ങളായി കുറയും. അവയാണ് ജഡ്ജിംഗ് പാനലിന്റെ കീഴിൽ പ്രദർശിപ്പിക്കുന്നത്.

ബംഗളൂരു നഗര മധ്യത്തിലുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ സിനി സ്ക്വയർ തീയേറ്ററിലാണ് തിരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കുക. ബംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എലിഫന്റ് മീഡിയ ലാബ് പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്‌ഥരായ പ്രദീഷ് കോങ്കോത്തും നിതീഷ് നാരായണനുമാണ് ഫെസ്റ്റലന്റെ അമരക്കാർ. യുഎസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മഴവിൽ എഫ്എം ആണ് ഫെസ്റ്റലന്റെ ഔദ്യോഗിക എഫ്എം പാർട്ണർ.

വിവരങ്ങൾക്ക്: www.elephantmedialab.com