ഭൂരിപക്ഷം വോട്ടുകൾ നേടിയിട്ടും പരാജയപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ് സ്‌ഥാനാർഥി ഹില്ലരി
Thursday, November 10, 2016 8:58 AM IST
വാഷിംഗ്ടൺ: പോൾ ചെയ്ത പോപ്പുലർ വോട്ടുകളിൽ ഭൂരിപക്ഷം നേടിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന രണ്ടാമത്തെ പ്രസിഡന്റ് സ്‌ഥാനാർഥിയാണ് ഹില്ലരി. 2000ൽ ഡമോക്രാറ്റിക്ക് സ്‌ഥാനാർഥിയായി മത്സരിച്ച അൽഗോറാണ് ആദ്യ പ്രസിഡന്റ് സ്‌ഥാനാർഥി. പോപ്പുലർ വോട്ടുകളിൽ അൽഗോർ 50999897 നേടിയപ്പോൾ എതിർ സ്‌ഥാനാർഥിയായിരുന്ന ജോർജ് ഡബ്ല്യു. ബുഷിന് 50456002 വോട്ടുകളായിരുന്നു ലഭിച്ചത്. ഫ്ളോറിഡയിൽ നിന്നുളള ഇലക്ട്രറൽ വോട്ടുകൾ നേടാനായതാണ് ബുഷിന്റെ വിജയം സുനിശ്ചിതമാക്കിയത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒടുവിൽ ലഭ്യമായ കണക്കുകൾ നൽകുന്ന സൂചനയനുസരിച്ച് ഹില്ലരി 59755284 വോട്ടുകളും ട്രംപ് 5953622 വോട്ടുകളുമാണ് നേടിയിരിക്കുന്നത്. ഹില്ലരി വിജയിച്ച കലിഫോർണിയ, ന്യൂയോർക്ക് പോലുളള സംസ്‌ഥാനങ്ങളിൽ വോട്ട് എണ്ണൽ പൂർത്തിയാകുമ്പോൾ ഹില്ലരിയുടെ ഭൂരിപക്ഷം പിന്നേയും വർധിക്കാനാണ് സാധ്യത.

ഓരോ സംസ്‌ഥാനങ്ങളിലും ജനകീയ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന സ്‌ഥാനാർഥിക്കാണ് അവിടെയുളള ഇലക്ട്രറൽ വോട്ടുകൾ ലഭിക്കുക. കൂടുതൽ സംസ്‌ഥാനങ്ങളിൽ ജയിക്കുന്ന സ്‌ഥാനാർഥി കൂടുതൽ ഇലക്ട്രറൽ വോട്ടുകൾ നേടും. എന്നാൽ ഇലക്ട്രറൽ വോട്ടുകൾ കൂടുതലുളള കുറച്ചു സംസ്‌ഥാനങ്ങളിൽ ജയിച്ചാലും വിജയിക്കുവാൻ സാധ്യതയുണ്ട്. നേരിട്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇവിടെ ഭൂരിപക്ഷം വോട്ടുകൾ ലഭിക്കുന്ന സ്‌ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ