ട്രംപിന്റെ വിജയത്തിൽ പ്രതിഷേധിച്ച് കോളജ് വിദ്യാർഥികൾ തെരുവിൽ പ്രതിഷേധിച്ചു
Thursday, November 10, 2016 9:00 AM IST
ഓസ്റ്റിൻ: ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിനിലെ വിദ്യാർഥികൾ തെരുവിലിറങ്ങി. നവംബർ ഒമ്പതിനാണ് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രകടനം നടത്തിയത്.

നൂറുകണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങിയതോടെ വാഹനഗതാഗതം നിർത്തിവച്ചു. ഓസ്റ്റിൻ ഡൗൺ ടൗണിലൂടെ പ്രകടനവുമായി നീങ്ങിയ വിദ്യാർഥികൾ ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചും പ്ലാക്കാർഡുകൾ ഉയർത്തിയുമാണ് മുന്നേറിയത്. പ്രകടനം അക്രമാസക്‌തമാകാതിരിക്കുന്നതിന് പോലീസ് മുൻ കരുതലുകൾ സ്വീകരിച്ചിരുന്നു.

ഡാളസ്, ഓസ്റ്റിൻ, ഡന്റൻ യൂണിവേഴ്സിറ്റി വിദ്യാർഥികളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എൽജിബിടി, സ്വവർഗരാഗികൾ എന്നിവർക്കെതിരെ ട്രംപിന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥികൾ പ്രകടനം സംഘടിപ്പിച്ചത്.

ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ട്രംപിനെതിരെ പ്രതിഷേധിക്കുന്നവർ ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഹില്ലരിയുടെ പരാജയം ഒരു വിഭാഗം വിദ്യാർഥികൾക്ക് സഹിക്കാവുന്നതിലധികമായിരുന്നു.

അമേരിക്കയുടെ പല സംസ്‌ഥാനങ്ങളിലും വിദ്യാർഥികൾക്കുപുറമെ മുതിർന്നവരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പരാജയപ്പെട്ടവർ വിദ്യാർഥികളെ സ്വാന്തനപ്പെടുത്തുന്നതിനുളള പ്രസ്താവനകളോ, നടപടികളോ സ്വീകരിക്കാത്തത് പൗരന്മാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ട്രംപ് അധികാരത്തിലേറിയാൽ പ്രതിലോമ ശക്‌തികൾ സജീവമാകുമോ എന്നൊരു ചോദ്യം ശക്‌തിയായി ഉയരുന്നുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ