ട്രംപിന് കലാ മലയാളി അസോസിയേഷൻ ആശംസ നേർന്നു
Thursday, November 10, 2016 10:25 AM IST
ഫിലഡൽഫിയ: അമേരിക്കൻ ജനാധിപത്യത്തിന്റെ ആവിർഭാവ കേന്ദ്രമായ ഫിലഡൽഫിയായിൽ കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ഭാരതീയ സമൂഹത്തെ പ്രതിനിധീകരിക്കുന്ന കലാ മലയാളി അസോസിയേഷൻ നിയുക്‌ത അമേരിക്കൻ പ്രസിഡന്റിന് ആശംസകൾ അർപ്പിച്ചു.

അമേരിക്കൻ ജനത അഭിലഷിച്ച അനിവാര്യമായ മാറ്റം ആണ് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്‌തമായിരിക്കുന്നതെന്ന് കലാ പ്രസിഡന്റ് സണ്ണി ഏബ്രഹാം പറഞ്ഞു.

മാനുഷിക മൂല്യങ്ങൾക്കും കുടുംബങ്ങളുടെ സുരക്ഷക്കും ട്രംപിന്റെ വിജയം സഹായകമാകട്ടെ എന്ന് കലാ ജനറൽ സെക്രട്ടറിയും ഫോമ നാഷണൽ കമ്മിറ്റി അംഗവുമായ രേഖാ ഫിലിപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. ജനാതിപത്യത്തെ സ്നേഹിക്കുകയും ജനവിധിയെ മാനിക്കുകയും ചെയ്യുന്ന സമൂഹമാണ് അമേരിക്കയിലെ വോട്ടർമാർ എന്ന് മുൻ ഫോമാ പ്രസിഡന്റ് ജോർജ് മാത്യു സിപിഎ അഭിപ്രായപ്പെട്ടു.

അമേരിക്കൻ ജനാധിപത്യത്തിൽ മാത്രമല്ല ആഗോള സാമ്പത്തിക രംഗത്തും നിർണായക വഴിത്തിരിവാണ് ട്രംപിന്റെ വിജയം എന്ന് പ്രശസ്ത വാഗ്മിയും സംഘാടകനുമായ ഡോ. ജയിംസ് കുറിച്ചി പറഞ്ഞു.

സാധാരണ ജനത്തിന്റെ ആശയങ്ങളും അഭിലാഷങ്ങളും പ്രതിഫലിക്കുന്നതിൽ മാധ്യമങ്ങൾ പുലർത്തിയ നിരുത്തരവാദിത്വത്തോടുള്ള താക്കീത് ആണ് ട്രംപിന്റെ വിജയം എന്ന് ഡോ. കുര്യൻ മത്തായി അഭിപ്രായപ്പെട്ടു.

എല്ലാവിധ ജനങ്ങൾക്കും തുല്യ നീതി ഉറപ്പു വരുത്തുന്ന പ്രവർത്തനം നിയുക്‌ത പ്രസിഡന്റിൽ നിന്നും പ്രതീക്ഷിക്കുന്നതായി ഡെമോക്രാറ്റിക് അംഗവും സാമൂഹിക പ്രവർത്തകനുമായ അലക്സ് ജോൺ പറഞ്ഞു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലയുടെ ആഭിമുഖ്യത്തിൽ നടന്ന ഇലക്ഷൻ ഡിബേറ്റിന് ലഭിച്ച അന്തർദേശീയ സ്വീകാര്യതയിൽ കലാ മലയാളി അസോസിയേഷൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം