ട്രംപ് ജർമനിക്കു തലവേദനയാകുമെന്നു വിദഗ്ധർ
Thursday, November 10, 2016 10:27 AM IST
ബർലിൻ: അനുദിനം കൂടുതൽ അസ്‌ഥിരമായിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ജർമനിയുടെ സ്‌ഥിതി കൂടുതൽ അപകടത്തിലാക്കുന്നതാണ് ഡോണൾഡ് ട്രംപിന്റെ വിജയമെന്ന് ജർമൻ വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.

വിദ്വേഷ പ്രചാരകനെന്നാണ് ജർമൻ വിദേശമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമെയർ ട്രംപിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ട്രംപ് ജയിക്കുന്നതിൽ ജർമൻ പ്രസിഡന്റ് ജോവാഹിം ഗൗക്ക് ആശങ്കയും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെ ചാൻസലർ ആംഗല മെർക്കൽ അഭിനന്ദനം അറിയിച്ചു. എങ്കിൽപ്പോലും ട്രംപിന്റെ വിജയം ജർമനിക്ക് നല്ല വാർത്തയല്ല എന്ന കാര്യത്തിൽ രാജ്യത്തെ വിദേശകാര്യ വിദഗ്ധർക്ക് രണ്ട് അഭിപ്രായമില്ല.

ട്രംപുമായി പരമാവധി സഹകരിച്ചു പ്രവർത്തിക്കുമെന്നാണ് മെർക്കൽ പറഞ്ഞിട്ടുള്ളതെങ്കിലും അതത്ര എളുപ്പമായിരിക്കില്ലെന്നാണ് സ്റ്റീൻമെയറുടെ പക്ഷം. ജർമനിയെ നശിപ്പിക്കുന്നതു മെർക്കലാണെന്നു ട്രംപ് നേരത്തെ ആരോപിച്ചിട്ടുമുണ്ട്.

അമേരിക്കയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ജർമൻ സ്റ്റാർട്ടപ്പുകൾക്ക് ട്രംപ് പ്രതീക്ഷ നൽകുന്നില്ല. ട്രംപ് യുഎസിനെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു തള്ളി വിടുമെന്നു ഭയക്കുന്നവരും ഏറെ. നാറ്റോ സഖ്യത്തിന്റെ ഭാവി പോലും ട്രംപ് കാരണം ആശങ്കയിലായിരിക്കുകയാണ്.

യൂറോപ്യൻ യൂണിയനും യുഎസും തമ്മിൽ ചർച്ചിയിലിരിക്കുന്ന വമ്പൻ വ്യാപാര കരാറായ ട്രാൻസ് അറ്റ്ലാന്റിക് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പാർട്ണർഷിപ്പിന്റെ ഭാവിയും ട്രംപിന്റെ നിലപാടുകളോടു യോജിക്കുന്നതല്ല. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ ആശങ്ക ശക്‌തമാണ്. ട്രംപ് ജയിക്കുമെന്ന് ഉറപ്പായ ഉടൻ തന്നെ കരാർ സംബന്ധിച്ച ചർച്ചകൾക്കായി യൂണിയൻ നേതാക്കൾ അദ്ദേഹത്തെ ക്ഷണിച്ചത് ഇതിനു തെളിവാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ