വിധവ പെൻഷൻ പദ്ധതി വിതരണം
Friday, November 11, 2016 6:43 AM IST
മനാമ: ബഹറിൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ നടക്കുന്ന പ്രവാസി വിധവ പെൻഷൻ പദ്ധതി വിതരണങ്ങൾ ശ്രദ്ധേയമാകുന്നു. മലപ്പുറം ജില്ലയിലെ നിർധനരായ പ്രവാസികളുടെ വിധവകൾക്കാണ് മാസം തോറും നിശ്ചിത തുക പെൻഷനായി കെഎംസിസി നൽകി വരുന്നത്. ഇതിന്റെ പ്രഥമിക ഘട്ട വിതരണോദ്ഘാടനങ്ങൾ അതാതു ഏരിയ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു വരുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ബഹറിൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വാർഷിക പ്രവർത്തന പദ്ധതിയായ റഹ്മ 2016–17 പദ്ധതിയിലുൾപ്പെട്ട ഈ പ്രവാസി വിധവ പെൻഷൻ പദ്ധതിയുടെ പ്രഖ്യാപനം ഓഗസ്റ്റിൽ മനാമയിൽ ആണ് നടന്നത്.

പ്രവാസികളുടെ വിധവകൾക്കാണ് പദ്ധതിയിലൂടെ മാസം തോറും നിശ്ചിത തുക പെൻഷനായി വിതരണം ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റികൾ മുഖേനെയാണ് ഇതിനുള്ള അവകാശികളെ കണ്ടെത്തുന്നത്. പഞ്ചായത്ത് കമ്മിറ്റികൾ രേഖാമൂലം അറിയിക്കുന്ന അവകാശികളെ കുറിച്ച് വ്യക്‌തമായി അന്വേഷിച്ച് ബോധ്യപ്പെട്ടശേഷം പഞ്ചായത്ത് കമ്മിറ്റികൾ മുഖേനെയാണ് മാസം തോറും പെൺഷൻ തുക വിതരണം ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നാട്ടിൽ മുസ് ലിം ലീഗിന്റെ പഞ്ചായത്ത് മണ്ഡലം തലങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളോടനുബന്ധിച്ചാണ് പെൻഷൻ പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഫണ്ട് സ്വീകരണവും വിതരണവും നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി കോട്ടക്കൽ മണ്ഡലത്തിലെ ഇരുമ്പിളിയം പഞ്ചായത്തിലെ 10–ാം വാർഡിൽ രണ്ട് പ്രവാസി വിധവകൾക്ക് നൽകുന്ന പെൺഷൻ ഫണ്ട് ടി.പി. സുലൈമാനിൽ നിന്നും സ്‌ഥലം എംഎൽഎ സയിദ് ആബിദ് ഹുസൈൻ തങ്ങൾ സ്വീകരിച്ചു. തിരൂർ മുൻസിപ്പാലിറ്റിയിലെ ഒമ്പതാം വാർഡിലെ ഒരു പ്രവാസി വിധവക്കുള്ള പെൻഷൻ വിതരണം മീനടത്തൂരിൽ നടന്ന മുസ് ലിം ലീഗ് പൊതുയോഗത്തിൽ മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ. ഷംസുദ്ദീൻ, തിരൂർ വാർഡ് കൗൺസിലറും കേന്ദ്ര കർഷക അവാർഡ് ജേതാവുമായ എം.മുഹമ്മദ് മൂപ്പന് കൈമാറി നിർവഹിച്ചു.

കെഎംസിസിയുടെ ഇത്തരം ജീവകാരുണ്യ പദ്ധതികൾക്ക് സഹായകമാകുന്നത് പ്രവാസ ലോകത്ത് പ്രവാസികൾ നൽകുന്ന ഉദാരമായ സംഭാവനകളും നാണയ തുട്ടുകളുമാണെന്ന് പ്രസിഡന്റ് സലാം മമ്പാട്ടുമൂല പറഞ്ഞു.