ബെർക്കിൻഹെഡിൽ ഷ്രൂഷ്ബറി രൂപത ബൈബിൾ കലോത്സവം
Friday, November 11, 2016 6:47 AM IST
ബെർക്കിൻഹെഡ്: ഷ്രൂഷ്ബറി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരക്കുന്ന ബൈബിൾ കലോത്സവം നവംബർ 13ന് (ഞായർ) നടക്കും. രാവിലെ 9.30 മുതൽ ബെർക്കിൻഹെഡിലെ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളിലാണ് കലാ മാമാങ്കത്തിന് വേദിയാവുക. രണ്ടു വേദികളിലായി 12 ഓളം ഇനങ്ങളിലാണ് മത്സരം.

രൂപതയിലെ ഇടവകകളായ മാഞ്ചസ്റ്റർ, ബെർക്കിൻഹെഡ്, ചെസ്റ്റർ, നോർത്ത്വിച്ച്, ടെൽഫോർഡ്, ക്രൂ, സ്റ്റോക്പോർട്ട്, വിരാൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരക്കുക. ഇടവക തലത്തിൽ നടന്ന മത്സരങ്ങളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിൽ എത്തിയവരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വിശുദ്ധ ഗ്രന്ഥ പാരായണം, പ്രസംഗം, ഭക്‌തിഗാന മത്സരം, ബൈബിൾ സ്റ്റോറി ടെല്ലിംഗ്, മോണോ ആക്ട്, ബൈബിൾ ക്വിസ്, ഫാൻസിഡ്രസ്, ഗ്രൂപ്പ് ഡാൻസുകൾ, ഗ്രൂപ്പ് സോംഗ്, സ്കിറ്റുകൾ, മാർഗംകളി തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരങ്ങൾ.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകും. നിരവധി വൈദികർ പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി ഷ്രൂഷ്റി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ജോഷി ജോസഫ്, ബിജു ജോർജ്, കെ.ജെ. ജോസഫ്, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ സജിത്ത് തോമസ് എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ നിലവിൽ വന്നു. മത്സരാർഥികൾ രാവിലെ 9.30 ന് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്റ്റ് നമ്പർ കൈപറ്റണമെന്ന് റവ.ഡോ.ലോനപ്പൻ അരങ്ങാശേരി അറിയിച്ചു.

വിലാസം: St. Joseph’s Catholic Primary School, Woodchurch Road, Oxton, Wirral CH43 5UT.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ