ഷിക്കാഗോ മലയാളി അസോസിയേഷൻ കർമ പരിപാടികൾ അനാവരണം ചെയ്തു
Friday, November 11, 2016 6:48 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2017 ലെ കർമ പരിപാടികൾ പ്രസിഡന്റ് രഞ്ചൻ ഏബ്രഹാം അനാവരണം ചെയ്തു. മൗണ്ട് പ്രോസ്പെക്ടിലെ സിഎംഎ ഹാളിൽ ചേർന്ന പുതിയ ഡയറക്ടർ ബോർഡിന്റെ പ്രഥമ യോഗത്തിലാണ് അടുത്ത വർഷത്തെ പരിപാടികൾ അദ്ദേഹം വിവരിച്ചത്.

സംഘടനയുടെ പ്രഥമയോഗം ജനുവരി ഏഴിന് മോർട്ടൺഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് പാരീഷ് ഹാളിൽ നടത്തുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷത്തോടനുബന്ധിച്ച് പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടക്കും. ഫെബ്രുവരി/ മാർച്ച് മാസത്തിൽ വിപുലമായ രീതിയിലുള്ള കാർഡ് ഗെയിംസ്, ഏപ്രിൽ 22 ന് മെൽവുഡിലെ സീറോ മലബാർ കത്തീഡ്രൽ ഹാളിൽ കലാമേള 2017, മേയ് ആദ്യവാരം ബാഡ്മിന്റൺ ടൂർണമെന്റ്, ജൂൺ 17 ന് വാർഷിക പിക്നിക്, ജൂലൈയിൽ ബാസ്കറ്റ്ബോൾ, കരീബിയൻ ക്രൂയിസ്, സെപ്റ്റംബർ രണ്ടിന് ഓണം, നവംബറിൽ കേരള പിറവി തുടങ്ങിയവയായിരിക്കും പ്രധാന സാംസ്കാരിക പരിപാടികൾ.

പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഫുഡ്ഡ്രൈവ്, ക്ലോത്ത് ഡ്രൈവ്, അഡോപ്റ്റ് എ ഹൈവേ, സേവനവാരം തുടങ്ങിയ പ്രവർത്തനങ്ങളിലും സംഘടന സജീവമായി പങ്കെടുക്കും.

കഴിഞ്ഞ പൊതുയോഗത്തിൽ സത്യപ്രതിജ്‌ഞ ചെയ്യാൻ കഴിയാതിരുന്ന ജോൺസൺ കണ്ണൂക്കാടൻ സത്യപ്രതിജ്‌ഞ ചെയ്ത് സ്‌ഥാനമേറ്റെടുത്തു. സെക്രട്ടറി ജിമ്മി കണിയാലി പ്രസംഗിച്ചു. ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: ജിമ്മി കണിയാലി