രോഗദുരിതങ്ങളെ നേരിടാനുള്ള മനക്കരുത്താണ് വലിയ സമ്പാദ്യം: ഇന്നസെന്റ് എംപി
Friday, November 11, 2016 6:59 AM IST
ബംഗളൂരു: രോഗങ്ങളെയും ദുരിതങ്ങളെയും നേരിടാനുള്ള മനക്കരുത്താണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ബംഗളൂരു മല്ലേശ്വരത്ത് ദീപ്തി വെൽഫെയർ അസോസിയേഷെ ഓണോത്സവ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കന്നഡയിൽ പ്രസംഗിച്ചു തുടങ്ങിയ ഇന്നസെന്റ് സദസിലുള്ള കന്നഡിഗരെയും കൈയിലെടുത്തു. അർബുദം പിടിമുറുക്കി എന്നറിഞ്ഞിട്ടും മനസാന്നിധ്യം കൈവിടാതെ രോഗത്തെ പൊരുതി തോൽപ്പിച്ച കഥ സിനിമാക്കഥ പോലെ അദ്ദേഹം പറഞ്ഞു.

കർണാടക മുൻ ഡിജിപിയും ദീപ്തിയുടെ മുഖ്യരക്ഷാധികാരിയുമായ ജിജാ മാധവൻ ഹരിസിംഗ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംഎൽഎ എസ്. മുനിരാജ്, മുൻ നഗരസഭാംഗം എം. മുനിസ്വാമി, സമി ലാബ്സ് എംഡി ഡോ. മുഹമ്മദ് മജീദ്, ദീപ്തി പ്രസിഡന്റ് വിഷ്ണുമംഗലം കുമാർ, ജനറൽ സെക്രട്ടറി വി. സോമരാജൻ, ചെയർമാൻ കെ. സന്തോഷ് കുമാർ, ജനറൽ കൺവീനർ പി.വി. സലീഷ്, വെൽഫെയർ സെക്രട്ടറി സെബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ടെക്നോ ഹീറ്റ്സ് എംഡി തോമസ് ജോസഫ്, ദീപ്തി ഫിനാൻസ് കമ്മിറ്റി കൺവീനർ സന്തോഷ് ടി. ജോൺ, സ്വാഗത കമ്മിറ്റി കൺവീനർ ഇ. കൃഷ്ണദാസ് എന്നിവരെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് കൊച്ചിൻ ഗിന്നസ് അവതരിപ്പിച്ച കോമഡി ഷോയും പ്രമോദ് മാളയുടെ ചാക്യാർ കൂത്തും വിജേഷ് പാനൂർ ഡോൾഡാൻസും അഞ്ജന രാധാകൃഷ്ണനും നയിച്ച ന്യൂജെൻ ഫ്യൂഷൻ ഡാൻസും അരങ്ങേറി.