കറൻസികൾ റദ്ദാക്കൽ: ഫൊക്കാന പ്രതിഷേധിച്ചു
Friday, November 11, 2016 10:10 AM IST
ന്യൂയോർക്ക്: ഇന്ത്യാ ഗവൺമെന്റ് 1000 ത്തിന്റെയും 500 ന്റെയും കറൻസികൾ അസാധുവാക്കിയ നടപടിമൂലം പ്രവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് അമേരിക്കയിലെ പ്രവാസി സംഘടനയായ ഫൊക്കാന പ്രതിഷേധിച്ചു. പ്രവാസികളുടെ ബുദ്ധിമുട്ടുകളെ മാനിക്കാതെ എടുത്ത നടപടികൾക്ക് അമേരിക്കയിൽ തന്നെ കറൻസികൾ മാറി എടുക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും ഫൊക്കാന ഇന്ത്യ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

1000ത്തിന്റെയും, 500ന്റെയും കറൻസികൾ അസാധുവാക്കിയ പ്രഖ്യാപനം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ അമ്പരപ്പും ആശങ്കയും ഉണ്ടാക്കി. നാട്ടിൽ നിന്ന് വരുമ്പോഴും തിരികെ പോകുമ്പോഴും ഉള്ള ആവശ്യത്തിനുവേണ്ടി അമേരിക്കയിലെ മിക്ക പ്രവാസി ഇന്ത്യക്കാരുടെയും കൈവശം ഇന്ത്യൻ കറൻസികൾ ഉണ്ട്. ചെറിയ തുകയാണെങ്കിലും ഇന്ത്യൻ കറൻസികൾ കൈവശമുള്ളവർ ഡിസംബർ 30നകം മാറ്റിയെടുക്കേണ്ടതായി വരുന്നു. ഇതിനകം നാട്ടിൽ പോകാത്തവർ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ്. അൻപതിനായിരം രൂപയിൽ കൂടുതൽ കൈവശമുള്ളവർ നോൺ റസിഡന്റ്സ് ഇന്ത്യൻസിന് ഒരു NRO അക്കൗണ്ടിൽ കൂടെ മാത്രമേ 1000, 500 രൂപ മാറിയെടുക്കാൻ സാധിക്കുകയുള്ളു.

അതേസമയം ഇതുസംബന്ധിച്ച് പ്രധാന അന്തർദേശീയ മണി എക്സ്ചേഞ്ചുകൾക്ക് ഇതേവരെ യാതൊരു നിർദ്ദേശവും കിട്ടിയിട്ടില്ല. ഡിസംബർ 30 ന് മുമ്പ് നാട്ടിൽ പോകുന്നവർക്ക് പണം മാറാൻ അവസരം ലഭിക്കും. അതിന് കഴിയാത്തവർ നാട്ടിൽ പോകുന്നവരുടെ പക്കൽ കറൻസി കൊടുത്തയക്കേണ്ടിവരും. രണ്ടാമത് ഒരാൾക്ക് 500, 1000 രൂപാ കറൻസികൾ മാറാൻ നോമിനേഷൻ നൽകിയാലും, ഇതിനുവേണ്ടി ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് നൽകേണ്ടത് പ്രശ്നമാകും. ഇതുസംബന്ധിച്ച് റിസർവ് ബാങ്കും ധനകാര്യ വകുപ്പും ഒരു നിർദ്ദേശവും നൽകിയിട്ടില്ല. അതുകൊണ്ട് അന്താരാഷ്ര്‌ട ധനവിനിമയ സ്‌ഥാപനങ്ങൾ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ് പ്രവാസി ലോകം ആവശ്യപ്പെടുന്നത്.

അമേരിക്കയിൽ തന്നെ കറൻസികൾ മാറി എടുക്കാനുള്ള സൗകര്യം എത്രയും വേഗം നടപ്പാക്കണമെന്ന് ഫൊക്കാനക്കുവേണ്ടി പ്രസിഡന്റ് തമ്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർ പോൾ കറുകപ്പള്ളിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ